മലബാര്‍ സിമെന്റ്‌സ് കേസില്‍ വിജിലന്‍സ് ഡയറക്ടറും അഡിഷണല്‍ ചീഫ് സെക്രട്ടറിയും പ്രതികള്‍ക്കു മുമ്പില്‍ കുമ്പിടുകയാണോയെന്ന് ഹൈക്കോടതി

മലബാര്‍ സിമന്റ്‌സ് കേസില്‍ വിജിലന്‍സ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും പ്രതികള്‍ക്കു മുന്നില്‍ കുമ്പിടുകയാണെന്ന് ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണോ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമെന്ന് വ്യക്തമല്ല. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ വിലയിരുത്തുമ്പോള്‍ സംഭവത്തില്‍ സര്‍ക്കാറിലെ ഉന്നതരുടെ ഇടപെടല്‍ ഉണ്ടോ എന്ന് സംശയിക്കണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.
മലബാര്‍ സിമന്റ്‌സിലെ ക്രമക്കേട് സംബന്ധിച്ച ഹര്‍ജി വീണ്ടും ഫയലില്‍ സ്വീകരിക്കാനുള്ള ജോയ് കൈതാരത്തിന്റെ റിവിഷന്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണിത്. 2015 ഫിബ്രവരിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജൂണില്‍ ത്വരിത പരിശോധന നടന്നത്. പിന്നീട് 2015 സപ്തംബറോടെ അന്വേഷണം ഒരാള്‍ക്കെതിരെ മാത്രമായി പരിമിതപ്പെടുത്താന്‍ നടപടിയായി.
വിജിലന്‍സ് ഡയറക്ടര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരില്‍ നിന്ന് ഈ പെരുമാറ്റമല്ല സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്. സദ്ഭരണം സാധാരണക്കാരുടെ മൗലികാവകാശമാണ്. സര്‍ക്കാറും സര്‍ക്കാറിനു കീഴിലുള്ള വിജിലന്‍സും ചേര്‍ന്ന് ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കുകയാണ്. ക്രിമിനല്‍ നടപടിക്രമത്തെ കുഴിച്ചുമൂടുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് മൂകസാക്ഷിയാകാന്‍ കോടതിക്ക് സാധിക്കില്ല. സംവിധാനത്തെ നിലനിര്‍ത്താന്‍ കോടതി ഇടപെടേണ്ടതുണ്ട്. ഗൗരവമുള്ള കുറ്റം കണ്ടാല്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. മലബാര്‍ സിമന്റ്‌സിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കുറ്റകരമായ പദവി ദുരുപയോഗം, വിശ്വാസ വഞ്ചന, ഗൂഢാലോചന, ക്രമക്കേട് എന്നിവ കണ്ടെത്തിയിരുന്നു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മറ്റുമെതിരെ തെളിവുണ്ടെന്നും ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസെടുത്തില്ല. പകരം വിജിലന്‍സ് മാന്വലിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.
പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ട്രീയ സ്വാധീനം കണ്ടാവാം വിജിലന്‍സ് ഡയറക്ടര്‍ അത് വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാകട്ടെ കുറ്റക്കാരെന്ന് കണ്ടവരില്‍ കമ്പനിയിലെ ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫിനെതിരെ മാത്രം അന്വേഷണത്തിന് നിര്‍ദേശിച്ച് തിരികെ നല്‍കുകയും ചെയ്തു. മറ്റുള്ളവരെ അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
മലബാര്‍ സിമന്റ്‌സിന്റെ മുമ്പത്തെയും ഇപ്പോഴത്തെയും എം.ഡി.മാര്‍, വിവാദ കരാറുകാരന്‍ വി.എം. രാധാകൃഷ്ണന്‍ തുടങ്ങിയവരെയാണ് വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ നിന്ന് മാറ്റിയത്. വിജിലന്‍സ് ഇന്‍സ്‌പെക്ടറുടെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വെച്ചുതാമസിപ്പിച്ചു. പീന്നീടത് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി കൈയൊഴിയുകയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയാകട്ടെ ഒരാള്‍ക്കെതിരെ അന്വേഷിക്കാനാണ് അനുമതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























