ഡാറ്റാസെന്റര്‍ കേസ് ; ടി.ജി നന്ദകുമാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡാറ്റാസെന്റര്‍ കേസില്‍ വിവാദ ഇടനിലക്കാരന് ടി.ജി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഡാറ്റാസെന്റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ വഴിയൊരുക്കിയ വിധി പുന:പരിശോധിക്കണമെന്നായിരുന്നു നന്ദകുമാറിന്റെ ആവശ്യം. സാങ്കേതിക കാരണങ്ങള്‍ മാത്രം പരിശോധിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയതെന്ന് നന്ദകുമാര്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് ഡാറ്റ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേസ് സി.ബി.ഐക്ക് വിട്ടത്. പിന്നീട് ഹൈക്കോടതിയും സര്‍ക്കാര്‍ നടപടി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് നന്ദകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല സിഡാക്കില്‍ നിന്ന് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, ടി.ജി. നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജാണ് ആദ്യം രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha