സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനാധികാരം സര്‍ക്കാരിന് മാത്രമാണെന്ന് സുപ്രീംകോടതി

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശന നടപടികളും കൗണ്‍സലിങ്ങും നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് മാത്രമാണെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച മധ്യപ്രദേശിലെ സ്വകാര്യ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെത്തിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരാണ് മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തേണ്ടതെന്ന് പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ അനില്‍ ദവേ, എ കെ സിക്രി, ആര്‍ കെ അഗര്‍വാള്‍, എ കെ ഗോയല്‍, ആര്‍ ബാനുമതി എന്നിവടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കോ മറ്റേതെങ്കിലും സ്വകാര്യ ഏജന്‍സികള്‍ക്കോ പ്രവേശനം നടത്താനുള്ള അധികാരമില്ലെന്നും സെന്‍ട്രലൈസിങ് കൗണ്‍സിലിലൂടെ സംസ്ഥാന സര്‍ക്കാരാണ് പ്രവേശന നടപടി പൂര്‍ണമായും നിര്‍വഹിക്കേണ്ടതെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തുന്ന കൌണ്‍സലിങ് സ്ഥലത്തേക്ക് വേണമെങ്കില്‍ മാനേജ്‌മെന്റുകള്‍ക്ക് അവരുടെ പ്രതിനിധികളെ അയക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മുഴുവന്‍ പ്രവേശനവും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം. അല്ലാതെ നടത്തിയ പ്രവേശനങ്ങളെല്ലാം ഇതോടെ അസാധുവാകുന്നുവെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കോടതിവിധി അനുസരിക്കാമെന്നും 30നകം സര്‍ക്കാര്‍ തന്നെ മുഴുവന്‍ സ്വകാര്യ കോളേജുകളിലും പ്രവേശനം നടത്തിക്കൊള്ളാമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ഉത്തരവ് രാജ്യത്താകെ ബാധകമാണോ എന്ന കാര്യത്തില്‍ കോടതി ഉത്തരവില്‍ വ്യക്തതയില്ല. മധ്യപ്രദേശിലെ കോളേജുകള്‍ക്കെതിരെ വന്ന കേസായതിനാല്‍ ആ സംസ്ഥാനത്തിനോടാണ് പരമോന്നത കോടതിയുടെ നിര്‍ദേശം.
https://www.facebook.com/Malayalivartha























