പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 10 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം നിലവിലെ ആറ് ശതമാനത്തില്‍ നിന്ന് 10 ശതമാനമായി പടിപടിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാങ്ങാട് കെ എപിയിലെയും എംഎസ്പിയിലെയും പുതിയ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.
നിയമപാലന കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. കുറ്റാന്വേഷണത്തില്‍ യാതൊരു വിധ ഇടപെടലോ സമ്മര്‍ദ്ദമോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന് ഉറപ്പുപറയാനാവും. എന്നാല്‍ പൊലീസിനകത്ത് ഏതെങ്കിലും വ്യക്തിയുടെയോ സംഘങ്ങളുടെയോ വഴിവിട്ട ഒരു നീക്കവും അനുവദിക്കില്ല. ഏത് സ്വാതന്ത്ര്യവും സേനയുടെ അച്ചടക്കത്തിനകത്ത് മാത്രമേ പാടുള്ളൂ. അല്ലാത്തപക്ഷം ഒരു ആള്‍ക്കൂട്ടമായി സേന മാറുന്ന അവസ്ഥയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമുള്ളവര്‍ പൊലീസ് സേനയിലേക്ക് കൂടുതലായി കടന്നുവരുന്ന പശ്ചാത്തലത്തില്‍ കാലഘട്ടത്തിനനുസൃതമായി സേനാപരിശീലനം പരിഷ്‌ക്കരിക്കും. ഇതനുസരിച്ച് പൊലീസ് അക്കാദമികള്‍ നവീകരിക്കും. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും വര്‍ധിച്ചുവരികയാണ്. ഇതിനനുസരിച്ചുള്ള സാങ്കേതിക സംവിധാനങ്ങള്‍ സേനയിലും ഏര്‍പ്പെടുത്തും. പൊതുജനങ്ങളുമായുള്ള പോലിസിന്റെ ഇടപെടല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ പൊലീസ് സ്‌റ്റേഷനിലും ഒരാള്‍ക്ക് പബ്ലിക് റിലേഷന്റെ ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ കടത്തല്‍, മയക്കുമരുന്ന് കടത്തിനായി അവരെ ഉപയോഗിക്കല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ആളെ ചേര്‍ക്കല്‍ തുടങ്ങിയ വിപത്തുകള്‍ നേരിടാന്‍ സേനയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കും. തീവ്രവാദ ബാധിത പ്രദേശങ്ങളിലെ പൊലിസ് സ്‌റ്റേഷനുകള്‍ക്കു ചുറ്റും പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസില്‍ മൂന്നാംമുറ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അതിനുവിരുദ്ധമായ ചിലപ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























