ജിഷ വധക്കേസ്: അമീറുളിനെ രക്ഷിക്കാന്‍ ആളൂര്‍ കോടതിയില്‍ ഹാജരാവും

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ തന്നെ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീം കോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ് ആളൂര്‍. നേരത്തെ ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമീറുള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയാണ് ഇപ്പോള്‍ കോടതി അംഗീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ 29 കാരിയായ നിയമ വിദ്യാര്‍ഥിനി ജിഷയെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് വീട്ടിലെത്തിയപ്പോഴാണ് ജഡം കണ്ടത്. നെഞ്ചിലും കഴുത്തിലും തലയുടെ പിന്‍വശത്തും താടിയിലും ആയുധം കൊണ്ടുണ്ടായ മുറിവുണ്ടായിരുന്നു. ആന്തരാവയവങ്ങള്‍ വയര്‍പൊട്ടി പുറത്തുവന്ന നിലയിലായിരുന്നു. ചുരിദാറിന്റെ ടോപ്പ് മാത്രമേ ശരീരത്തില്‍ ഉണ്ടായിരുന്നുള്ളൂ. നാടിനെ നടുക്കിയ കൊലപാതകക്കേസില്‍ അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 14 ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























