ഇവിടെ നിന്നും ഉയരേണ്ടത് നെല്‍ക്കതിരുകള്‍, ആറന്മുള തരിശു ഭൂമിയില്‍ മുഖ്യമന്ത്രി വിത്തെറിഞ്ഞു

രണ്ട് പതിറ്റാണ്ടായി തരിശുകിടക്കുന്ന നിലങ്ങളില്‍ ഇനി നൂറുമേനി വിളയും. ആറന്മുളക്കാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് സാക്ഷാത്കാരമേകി ആറന്മുള എഞ്ചിനീയറിങ് കോളേജിനരിനരില്‍ പ്രത്യേകം തയ്യാറാക്കിയ പാടശേഖരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞു. ഒരു കാരണവശാലും ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍,ജലവിഭവമന്ത്രി മാത്യു ടി തോമസ്, ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ്, മറ്റ് എംഎല്‍എമാര്‍ എല്‍ഡിഎഫ് നേതാക്കള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിത്തിറക്കല്‍ ചടങ്ങില്‍ പങ്കാളികളായി. നാട്ടുകാരൊന്നാകെ ആവേശത്തോടെ വഞ്ചിപ്പാട്ട് പാടിയാണ് മുഖ്യമന്ത്രിയേയും മറ്റ് നേതാക്കളേയും പാടശേഖരത്തിലേക്ക് വരവേറ്റത്. നെല്‍ക്കൃഷിക്കായി 1.53 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത് ഘട്ടങ്ങളായി സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിത്തുവിതറിയാണ് മുഖ്യമന്ത്രി കൃഷിയിറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തത്.
ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 56 ഹെക്ടര്‍ ആറന്മുള പുഞ്ചയിലാണ് ആദ്യഘട്ടത്തില്‍ കൃഷിയിറക്കുന്നത്. വിമാനത്താവളഭൂമിയിലും കൃഷിയിറക്കും. വിമാനത്താവളത്തിനായി നികത്തിയ പാടങ്ങളും കോഴിത്തോടും ചാലുകളും പൂര്‍വസ്ഥിതിയിലാക്കിയ ശേഷം ഇവിടെയും കൃഷിയിറക്കും. ഇരുപതു വര്‍ഷമായി കൃഷിയില്ലാതെ തരിശുകിടന്ന പാടശേഖരത്തില്‍ സെപ്തംബര്‍ 22ന് ആണ് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിലം ഉഴവ് ഉദ്ഘാടനം ചെയ്തത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക സമൃദ്ധിയുടെ തുടക്കമായി നവംബര്‍ ഒന്നിന് ആറന്മുളയില്‍ കൃഷി ആരംഭിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍ അന്ന് പ്രഖ്യാപിച്ചിരുന്നു.
അതെ സമയം ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിനുള്ളിലെ കെ.ജി.എസ് ഗ്രൂപ്പിന്റെ കൈവശമല്ലാതെയുള്ള സ്വകാര്യ വസ്തുക്കളില്‍ കൃഷിയിറക്കാതെ ഒന്നര കിലോമീറ്റര്‍ മാറിയുള്ള എന്‍ജിനീയറിങ് കോളജിന്റെ സ്ഥലത്ത് കൃഷിയിറക്കല്‍ നടത്തുന്നതിന്റെ പിന്നില്‍ നിഗൂഢതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം വിത്തിറക്കല്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. വ്യവസായ മേഖല പ്രഖ്യാപനം റദ്ദുചെയ്യല്‍, ലാന്‍ഡ് ബോര്‍ഡ് രൂപവത്കരണം എന്നിവക്കുവേണ്ടി ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല വിമാനത്താവള പദ്ധതി പ്രദേശത്തെ തോടും പുറമ്പോക്കും പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. ഈ പദ്ധതി പ്രദേശത്താണ് കൃഷിയിറക്കുന്നതെന്ന തരത്തിലാണ് പ്രചാരണം. എന്‍ജിനീയറിങ് കോളജിനു വേണ്ടിയുള്ള സ്ഥലത്താണ് നിലം ആദ്യം ഒരുക്കിയത്. പിന്നീടത് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വിത്ത് എറിയല്‍ ചടങ്ങ് മാറ്റിയതെന്ന് യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ബാബു ജോര്‍ജ് ആരോപിച്ചു.
https://www.facebook.com/Malayalivartha























