സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ജനുവരി മുതല്‍ ട്രഷറിയിലേക്ക്, ഏതു ട്രഷറി അക്കൗണ്ടില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം പിന്‍വലിക്കാം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ ശമ്പളവും പെന്‍ഷനും ജനുവരിമുതല്‍ ട്രഷറിയിലേക്ക്. സംസ്ഥാനത്തെ 222 ട്രഷറി ശാഖകളെയും കോര്‍ ബാങ്കിങ് ശൃംഖലയ്ക്കു കീഴിലാക്കുന്ന പ്രവൃത്തി കഴിഞ്ഞയാഴ്ച വിജയകരമായി പൂര്‍ത്തിയായതോടെ ട്രഷറി വകുപ്പ് മാറ്റത്തിനു സജ്ജമായി.
തദ്ദേശ സ്ഥാപനങ്ങളുടെയും കരാറുകാരുടെയും ബില്ലുകള്‍ ഇനി ഓണ്‍ലൈനായി സ്വീകരിച്ചു പണം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനുമാകും. സര്‍ക്കാര്‍ ട്രഷറികള്‍ പൂര്‍ണമായി കോര്‍ ബാങ്കിങ്ങിലേക്കു മാറുന്ന ആദ്യസംസ്ഥാനമായി കേരളം മാറിയതോടെ ട്രഷറി ഉദ്യോഗസ്ഥര്‍ കടലാസും പണവും നേരിട്ടു കൈകാര്യം ചെയ്തിരുന്ന കാലവും കഴിയുകയാണ്.
എടിഎം സൗകര്യം ഇല്ലാത്തതായിരുന്നു ട്രഷറികള്‍ വഴി ശമ്പളവും പെന്‍ഷനും കൈപ്പറ്റുന്നതില്‍നിന്നു ജീവനക്കാരെ പിന്തിരിപ്പിച്ചിരുന്നത്. ഒരു ട്രഷറി ശാഖയിലെ പണം മറ്റൊരു ശാഖയില്‍നിന്നു പിന്‍വലിക്കാന്‍ കഴിയാതിരുന്നതാണു മറ്റൊരു ന്യൂനത. എന്നാല്‍, കോര്‍ ബാങ്കിങ് നടപ്പായതോടെ ഇനി ട്രഷറി അക്കൗണ്ടിലെ പണം ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ജീവനക്കാര്‍ക്കു സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം. ഏതു ട്രഷറി ശാഖവഴിയും പണം പിന്‍വലിക്കാനും കഴിയും.
ഓരോ മാസവും ശമ്പളം ട്രഷറി അക്കൗണ്ടില്‍ എത്തിയ ഉടന്‍ ബാങ്കിലേക്കു മാറുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്താനും സൗകര്യമുണ്ട്. ബാങ്കുകള്‍ വന്‍കിട ഐടി കമ്പനികളുടെ സഹായത്തോടെയാണു കോര്‍ ബാങ്കിങ് നടപ്പാക്കിയതെങ്കില്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് (എന്‍ഐസി) ട്രഷറിയില്‍ വിപ്ലവകരമായ മാറ്റം യാഥാര്‍ഥ്യമാക്കിയത്.
ജനുവരിയോടെ അഞ്ചു ലക്ഷം ജീവനക്കാരുടെ ശമ്പളവും അത്രതന്നെ പെന്‍ഷനും ട്രഷറി അക്കൗണ്ടിലേക്കു മാറ്റും. ശമ്പളത്തിനായി 2000 കോടി രൂപയും പെന്‍ഷനായി 1000 കോടി രൂപയുമാണു പ്രതിമാസം സര്‍ക്കാര്‍ ചെലവിടുന്നത്. ഇത്രയും തുക ഇനി ഒറ്റയടിക്കു ട്രഷറിയിലെത്തും.
കുറെപ്പേരെങ്കിലും പണം ബാങ്കിലേക്കു മാറ്റാതെ ട്രഷറി അക്കൗണ്ടില്‍ത്തന്നെ സൂക്ഷിച്ചാല്‍ അതു സര്‍ക്കാര്‍ ഖജനാവിനു മുതല്‍ക്കൂട്ടാകുമെന്നു ധനവകുപ്പു കണക്കുകൂട്ടുന്നു. നിലവില്‍ നാലു ലക്ഷം പെന്‍ഷന്‍കാര്‍ ട്രഷറിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ശമ്പളം ഇതുവഴി കൈപ്പറ്റുന്നവര്‍ ഒന്നര ലക്ഷമേയുള്ളൂ. പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
https://www.facebook.com/Malayalivartha























