സെക്രട്ടേറിയറ്റിലെ ധന, പൊതുഭരണ വകുപ്പുകള്‍ ഉള്‍പ്പെടെ 30 വകുപ്പുകളില്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് വരുന്നു

സെക്രട്ടേറിയറ്റിലെ ധന, പൊതുഭരണ വകുപ്പുകള്‍ ഉള്‍പ്പെടെ 30 വകുപ്പുകളില്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കാന്‍ മന്ത്രിസഭ തത്ത്വത്തില്‍ തീരുമാനിച്ചു. പി.എസ്.സിയുടെ അനുമതിയോടെ ചട്ടം തയ്യാറാക്കിയാവും ഇതു നടപ്പാക്കുക. 45 ദിവസത്തിനകം തീരുമാനമെടുക്കാന്‍ പി.എസ്.സിയോട് ആവശ്യപ്പെടും. നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ കൂടി അനുമതിയോടെയാകും തുടര്‍ നടപടികളുണ്ടാവുക.
സെക്രട്ടേറിയറ്റിലേതടക്കം പ്രധാനവകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് തസ്തിക മുതല്‍ നേരിട്ട് നിയമനം നടത്തുന്നതിന് പ്രത്യേക കേഡര്‍ കൊണ്ടുവരുകയാണ് കെ.എ.എസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം തസ്തികയില്‍ കുറഞ്ഞത് എട്ടുവര്‍ഷം സേവനം അനുഷ്ഠിച്ചാല്‍ ഐ.എ.എസ് കാഡറിന് യോഗ്യത നേടും.
നിലവില്‍ പി.എസ്.സി വഴി നേരിട്ട് നിയമനം നടത്തുന്ന ഏറ്റവും ഉയര്‍ന്ന തസ്തിക ഡെപ്യൂട്ടി കലക്ടറുടേതാണ്. നേരിട്ടല്ലാതെ ഐ.എ.എസ് ലഭിക്കുന്നതിനുള്ള വഴിയും ഇതുതന്നെയാണ്.
എന്നാല്‍, ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ നിന്ന് ഐ.എ.എസ് നേടി എത്തുന്നവരുടെ എണ്ണം കുറവാണ്. ഇതിനൊക്കെ പരിഹാരമായാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് നടപ്പാക്കുന്നത്. ആദ്യം സെക്രട്ടേറിയറ്റ് ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സെക്രട്ടേറിയറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ ഉത്തരവിറക്കി. പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞസര്‍ക്കാര്‍ ഈ ഉത്തരവ് പിന്നീട് മരവിപ്പിച്ചു.
https://www.facebook.com/Malayalivartha