സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്

ഡിസംബര്‍ 23ന് രാത്രി മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് പത്ത് പവനും 10,000 രൂപയും കവര്‍ന്ന കേസില്‍ പ്രതിയെ പിടികൂടി പൊലീസ്. പാലക്കാട് അലനെല്ലൂര്‍ സ്വദേശി എം നവാസ് (55) ആണ് പിടിയിലായത്. പ്രതിയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. പതുങ്ങിയെത്തിയ മോഷ്ടാവ് സിസിടിവി ക്യാമറകള്‍ കണ്ടതോടെ ഇത് തകര്‍ക്കുകയും ചെയ്തു. മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം വി ബിജു, എസ്‌ഐ സി പി ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
നാരായണന്‍ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി നാരായണന്‍ ബംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മല്‍ എന്നിവയാണ് മോഷണം പോയത്. ആയുധങ്ങള്‍ ഉപയോഗിച്ചാണ് മോഷ്ടാവ് മുന്‍വശത്തെ വാതില്‍ തകര്‍ത്തത്. നാരായണന്‍ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. കണ്ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ശാസ്ത്രീയമായ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചത്. ഇയാള്‍ മറ്റ് മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























