അനധികൃത സ്വത്ത് സമ്പാദനകേസില്‍ ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 11ന് സ്വന്തം വാഹനത്തിലെത്തിയ ടോം ജോസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രണ്ട് കോടിയിലധികം രൂപയുടെ അധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുള്ള ടോം ജോസിന്റെ സമ്പാദ്യത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരികയായിരുന്നു.
ടോം ജോസിന്റെ ഓഫീസുകളിലും വീടുകളിലും നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ വിജിലന്‍സ് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. രേഖകള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അന്വേഷണം അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് ടോം ജോസിനെ വിളിച്ചുവരുത്തി വിജിലന്‍സ് സംഘം ചോദ്യംചെയ്യുന്നത്.
ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കിയത്. കെ.എം.എം.എല്‍. എം.ഡി. ആയിരിക്കെ ടോം ജോസ് നടത്തിയ മഗ്‌നീഷ്യം ഇടപാടിലൂടെ സര്‍ക്കാറിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha