കര്‍ഷകര്‍ക്ക് ആശ്വാസം ; സഹകരണ ബാങ്ക് വായ്പയുടെ പലിശ എഴുതിത്തള്ളുന്നു

സഹകരണ ബാങ്കുകളില്‍ നിന്നു ഹ്രസ്വകാല വായ്പകളെടുത്ത കര്‍ഷകരുടെ 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശ ഇനത്തില്‍ 660.50 കോടി രൂപ എഴുതിത്തള്ളാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനമായി. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നു കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടു കണക്കിലെടുത്താണു ഈ തീരുമാനം. ഇതിനു പുറമേ സഹകരണ ബാങ്കുകള്‍ക്കു വായ്പ നല്‍കാന്‍ 20,000 കോടി രൂപ കടമെടുക്കുന്നതിനുള്ള ചെലവുകള്‍ക്കായി നബാര്‍ഡിനു 400 കോടി രൂപ നല്‍കാനും തീരുമാനിച്ചു.
നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങളില്‍ ആശ്വാസം പകരാനായി 1060.50 കോടി രൂപയാണു കേന്ദ്രമന്ത്രിസഭ അനുവദിച്ചത്. കൃത്യമായി തിരിച്ചടയ്ക്കുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കു പലിശ ഇളവു നല്‍കാനായി അനുവദിച്ച 15,000 കോടി രൂപ ചെലവിട്ടു കഴിഞ്ഞു. പൊതുമേഖലാ, ഗ്രാമീണ, സഹകരണ ബാങ്കുകള്‍ മുഖേനയാണു പലിശയിളവ്.
മൂന്നുലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഏഴു ശതമാനം പലിശയാണ് ഈടാക്കുന്നത്. കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്കു മൂന്നു ശതമാനം പലിശ ഇളവു ലഭിക്കും. സഹകരണ ബാങ്കുകള്‍ക്കു നാലര ശതമാനം പലിശനിരക്കില്‍ വായ്പ അനുവദിക്കാനായി 20,000 കോടി രൂപ കടമെടുക്കാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
നബാര്‍ഡിനുള്ള കേന്ദ്ര ധനസഹായമായി 500 കോടി രൂപ ഉടന്‍ അനുവദിക്കുന്നതിനു പുറമേ ബജറ്റില്‍ 2000 കോടി രൂപ വകയിരുത്തും.സഹകരണ ബാങ്കുകളുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളെ റുപേ ക്രെഡിറ്റ് കാര്‍ഡുകളാക്കി മാറ്റാനുള്ള നടപടികള്‍ നബാര്‍ഡ് ഏകോപിപ്പിക്കും.
ഗ്രാമങ്ങളില്‍ രണ്ടുലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കു മൂന്നു ശതമാനം പലിശയിളവു നല്‍കുന്ന പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഭവന നിര്‍മാണത്തിനും നിലവിലുള്ള ഭവനങ്ങള്‍ വലുതാക്കുന്നതിനുമുള്ള വായ്പകള്‍ക്ക് ആനുകൂല്യമുണ്ടാകും. പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടാത്തവയ്ക്കാണു പുതിയ പദ്ധതി. കറന്‍സി അസാധുവാക്കല്‍ നടപടി 50 ദിവസം പിന്നിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നതാണിത്. ദേശീയ ഭവന ബാങ്ക് (എന്‍എച്ച്ബി) മുഖേന നടപ്പാക്കും.
https://www.facebook.com/Malayalivartha























