കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യയില്‍ ദുരൂഹത നീക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡി.ഐ.ജി വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ണായക ഇടപെടല്‍. പഴുതടച്ച അന്വേഷണത്തിലൂടെ മരണത്തിലെ ദുരൂഹതകള്‍ എത്രയും വേഗം പുറത്തുകൊണ്ടുവരുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രത്യേക സംഘത്തിന്റെ രൂപീകരണം അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടാക്കുമെന്നാണ് പൊലീസ് കരുതുന്നത്.
അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരു സൗത്ത് ഡിവിഷന്‍ ഡി.സി.പി ലോകേഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ, സിഐടി വിഭാഗത്തിലെ വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്.
സി.ജെ. റോയിയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരെ മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘം വിളിച്ചുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. മരണത്തിന് തൊട്ടുമുമ്പ് അമ്മയെ വിളിക്കണമെന്ന് പറഞ്ഞ് അദ്ദേഹം മുറിയില്‍ കയറി വാതിലടച്ചിരുന്നു.
എന്നാല്‍ അദ്ദേഹം അമ്മയെ വിളിച്ചിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത തേടുകയാണ്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമീപകാലത്തെ സാമ്പത്തിക ഇടപാടുകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചിരുന്നോ എന്നും ആത്മഹത്യാപരമായ സൂചനകള്‍ നല്‍കിയിരുന്നോ എന്നും സംഘം പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























