ജിഷ്ണുവിന്റെ കുഞ്ഞനുജത്തിയുടെ കണ്ണുകളും നിറഞ്ഞു

നെഹ്‌റു കോളേജില്‍ മരണപ്പെട്ട വളയം പൂവ്വംവയലിലെ ജിഷ്ണു പ്രണോയിയുടെ പതിനെട്ടാം പിറന്നാളായ ഇന്നലെ എടച്ചേരി തണലിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പുമ്പോള്‍ അവിഷ്ണയുടെ കണ്ണുകള്‍ നിറഞ്ഞു. അഗതികള്‍ക്ക് ഭക്ഷണം നല്‍കി പിറന്നാളാഘോഷിക്കാനായിരുന്നു ജിഷ്ണുവിന്റെ ആഗ്രഹം. കുഞ്ഞനിയത്തി അവിഷ്ണയോട് മാസങ്ങള്‍ക്ക് മുമ്പേ അവന്‍ ഈ ആഗ്രഹം പങ്കിട്ടിരുന്നു.
കണ്ണീര്‍ തുടച്ച് അവള്‍ ചുറ്റിലും നോക്കി. വെറുതെയെന്നറിയാമെങ്കിലും അവള്‍ ആഗ്രഹിച്ചുപോയി... അവനിവിടെയെവിടെയോ ഉണ്ടോ? ഉച്ചയ്ക്ക് ഒരുമണിയോടെ അഗതിമന്ദിരത്തില്‍ എത്തിയ സഹോദരിയും ബന്ധുക്കളും വൃദ്ധരും രോഗികളുമായ നൂറ്റി എഴുപത്തഞ്ച് പേര്‍ക്ക് ഉച്ച ഭക്ഷണം നല്‍കി.
കഴിഞ്ഞ ഓരോ പിറന്നാളും സഹപാഠികളോടും നാട്ടിലെ സുഹൃത്തുക്കളോടുമൊപ്പം ആദിവാസി കോളനികളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ജിഷ്ണു ആഘോഷിച്ചിരുന്നത്. പിറന്നാളിന് മുമ്പേ ഈ പുതുവര്‍ഷത്തില്‍ വയനാട് ആദിവാസികോളനിയിലെത്തി ഇരുപത്തിയഞ്ച് കിലോ അരിയും ഭക്ഷണ സാധനങ്ങളും നല്‍കിയിരുന്നു. വരുന്ന പിറന്നാള്‍ അഗതിമന്ദിരത്തില്‍ ആഘോഷിക്കാമെന്ന് അന്നേ അവന്‍ കുഞ്ഞുപെങ്ങളോട് പറഞ്ഞിരുന്നു. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ കിട്ടിയ തുകയും സ്വരൂപിച്ചു വച്ച തുകയും ചേര്‍ത്താണ് സഹോദരനുള്ള ജന്മദിന സമ്മാനമായി അവിഷ്ണ അഗതികള്‍ക്ക് ഭക്ഷണം നല്‍കിയത്.
https://www.facebook.com/Malayalivartha
























