ആക്രമിക്കപ്പെട്ട യുവനടിയെ കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി വാര്യര്‍ എഴുതുന്നു

ആ പെണ്‍കുട്ടിയെ എനിക്കു അവരുടെ അഭിനയ ജീവിതത്തിന്റ തുടക്കം മുതല്‍ അറിയാം. അവരുടെ അഛനെയും അമ്മയെയും അറിയാം. വീട്ടുകാരെ അറിയാം. ആ കുട്ടി അല്ലായിരുന്നുവെങ്കില്‍ എനിക്കുറപ്പാണ് നാലോ അഞ്ചോ ആണുങ്ങളുടെ കൈക്കരുത്തില്‍നിന്നും ഒരിക്കലും രക്ഷപ്പെടില്ലായിരുന്നു. അത്രയേറെ തന്റേടത്തോടെയാണ് ആ കുട്ടി ജീവിതത്തെ എന്നും നേരിട്ടിട്ടുള്ളത്. അപ്രതീക്ഷിതമായി അച്ഛന്‍ മരിച്ച ദിവസം അവര്‍ പറഞ്ഞു, 'ഞാന്‍ പതറിപ്പോയാല്‍ അമ്മ തളര്‍ന്നുപോകും.. അതുകൊണ്ട് പിടിച്ചു നില്‍ക്കുകയാണ്. ' പിന്നീടു ഒരു സഹപ്രവര്‍ത്തകയുടെ ജീവിതത്തിലുണ്ടായ വേദനയില്‍ അവര്‍ നിഴലുപോലെയാണു കൂടെ നിന്നത്. അടുത്ത സുഹൃത്തുക്കളെന്നു കരുതിയ പലരും മടിച്ചു നില്‍ക്കെയാണ് ഈ കുട്ടി ധൈര്യത്തോടെ കൂടെനിന്നത്. അവര്‍ക്കു അതിന്റെ പേരില്‍ പല വേഷങ്ങളും നഷ്ടപ്പെട്ടുവെന്നു പിന്നീടു പറഞ്ഞു. എന്നാലും തനിക്കതില്‍ വേദനയില്ലെന്നു പരസ്യമായി പറയാന്‍ മടിച്ചതുമില്ല.
ഈ കുട്ടിയെ മൃഗീയമായി ഉപദ്രവിച്ചുവെന്ന വാര്‍ത്ത ഉണ്ടാക്കിയ അമ്പരപ്പ് ചെറുതല്ല. വീട്ടില ആരെയോ ഉപദ്രവിച്ച അതേ വികാരമായിരുന്നു..മനസ്സിനകത്തു വല്ലാത്ത ഭാരം. അതിനിടയില്‍ വേണ്ടപ്പെട്ട പലരും ചോദിച്ച ചോദ്യങ്ങള്‍ ആദ്യമുണ്ടായ വേദനയിലും വലുതായിരുന്നു. പെണ്‍കുട്ടിയെ വാഹനത്തില്‍ കയറി നഗ്‌നചിത്രമെടുത്തവരെപ്പോലെ മറ്റൊരു കൂട്ടരുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അവരെക്കുറിച്ചു തോന്നിയതെല്ലാം എഴുതി വിട്ടവര്‍. നഗ്‌ന ചിത്രമെടുത്തവരെ പോലീസ് പിടികൂടും. എന്നാല്‍ മനസ്സുകൊണ്ടു അവരെ മാനഭംഗപ്പെടുത്തിയവര്‍ പുറത്തുതന്നെയുണ്ട്. അവരാണു സത്യത്തില്‍ കൂടുതല്‍ വലിയ ക്രിമിനലുകള്‍. അവര്‍ ഇനിയും എല്ലാ കുട്ടികളുടെയും പുറകെ കാണും.
സത്യത്തില്‍ അവരും പള്‍സര്‍ സുനിയും തമ്മില്‍ എന്തോ ഇടപാടില്ലെ?, അല്ലെങ്കില്‍ അവര്‍ അവര്‍ അവരെ കാറില്‍ കയറാന്‍ സമ്മതിക്കുമോ?, രാത്രി തനിയെ എന്തിനാണു കാറില്‍പ്പോയത്? ഇതു ചോദിച്ചവര്‍ പലരുമുണ്ടായിരുന്നു. ചോദിക്കില്ല എന്നു കരുതിയവര്‍പോലും ചോദിച്ചു. ഇതെല്ലാം ചോദിക്കുന്നത് നിങ്ങള്‍ക്ക് ആ കുട്ടിയെ ശരിക്കും അറിയാത്തതുകൊണ്ടാണ്.

ഒരിക്കലെങ്കിലും അവരുമായി ഇടപഴകിയെങ്കില്‍ ഈ ചോദ്യമൊന്നും ചോദിക്കില്ല. മലയാളത്തില്‍നിന്നു പോയി അന്യഭാഷയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടിമാരില്‍ ഒരാളാണ് ഈ കുട്ടി. എന്നിട്ടും അവരുടെത് ഒരു സാധാരണ വീടാണ്. ഒരു ഗസറ്റഡ് ഓഫീസര്‍ക്കു വയ്ക്കാവുന്ന വീട്. അതിലും ലളിതമായ ജീവിതമാണ്. അവരുടെ അമ്മ ഒരു സ്ഥലത്തുപോലും ആ കുട്ടിയുടെ അമ്മയാണെന്നു പറഞ്ഞു പരിചയപ്പെടുത്തുന്നതു കണ്ടിട്ടില്ല. മരിച്ചുപോയ ഫോട്ടോഗ്രാഫറുടെ ഭാര്യയെന്നാണു പറയാറ്. ഒരു സദസ്സിലും അവര്‍ മകളോടെപ്പം കാലില്‍ കാലും കയറ്റി ഇരിക്കുന്നതും കണ്ടിട്ടില്ല.
എത്രയോ നല്ല പുസ്തകങ്ങള്‍, സിനിമകള്‍ അവരുടെ ശേഖരത്തിലുണ്ട്. അതേക്കുറിച്ചു എന്തൊരു ആവേശത്തോടെയാണു സംസാരിക്കാറുള്ളതെന്നോ. എയര്‍പോര്‍ട്ടുകളിലും വലിയ നഗരങ്ങളിലെ പുസ്തക കടകളിലും നിരന്തരം പുസ്തകം തേടി പോകുകയും അവിടെ നില്‍ക്കുന്നതു ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിലും എത്രയോ സന്തോഷകരമാണെന്നു കണ്ടെത്തുകയും ചെയ്ത കുട്ടിയാണത്. ഏതെങ്കിലുമൊരു ഗുണ്ട തണലും കിടപ്പറയും തേടി പോകുന്നവരുടെ പട്ടികയില്‍ അവരെ പെടുത്തി ചോദ്യം ചോദിക്കുന്നവര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും എത്രയോ ഉയരെയാണ് അവരുടെ മാനസിക നില. എനിക്കൊരു മനുഷ്യനുമായി സൗഹൃദമുണ്ടെന്നു തുറന്നു പറയാന്‍ മലയാള സിനിമയിലെ എത്ര നടിമാര്‍ക്കും നടന്മാര്‍ക്കും നട്ടെല്ലുണ്ടായിട്ടുണ്ട്.
തൃശൂരില്‍നിന്നു എറണാകുളത്തേക്കു രാത്രി തിരക്കേറിയ ദേശീയ പാതയിലൂടെ പോകുന്നതിനു തന്റേടം ഈ കുട്ടി 15 വര്‍ഷം മുന്‍പെങ്കിലും ആര്‍ജ്ജിച്ചിട്ടുണ്ട്. അത് ഏതെങ്കിലും വനിതാ പോരാട്ട സംഘടനയില്‍ അംഗത്വമെടുത്തു നേടിയതല്ല. സ്വന്തം പെരുമാറ്റത്തിന്റെ ബലത്തിലും ആത്മ വിശ്വാസത്തിലും നേടിയതാണ്. വേഷത്തിനു വേണ്ടി ഏതെങ്കിലും സംവിധായകനോ എഴുത്തുകാരനോ നട്ടപ്പാതിരയ്ക്കു 'ഹൈ' എന്നടിക്കുന്നവരുടെ തലമുറയില്‍പ്പെട്ട കുട്ടിയല്ല ഇത്. സ്വന്തം കഴിവുകൊണ്ടു മാത്രം എന്തെങ്കിലും നേടിയാല്‍ മതിയെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പെ വിശ്വസിച്ച കുട്ടിയാണിത്. അച്ഛനും അമ്മയ്ക്കും വന്‍ വരുമാനമില്ലാത്ത ജോലി ഉണ്ടായിരുന്ന കാലത്തുപോലും ഇതേ കരുത്തോടെയാണ് ഈ കുട്ടി പെരുമാറിയിട്ടുള്ളത്.
വെറുമൊരു നീര്‍ക്കോലിയെ കണ്ടാല്‍ വിറച്ചു പോകുന്നവരാണ് ചോദ്യം ചോദിച്ച പലരും. രണ്ടു ഗുണ്ടകള്‍ എന്തിനും തയ്യാറായി ഇരു വശത്തും കൈ പിടിച്ചു ഭീഷണിപ്പെടുത്തവെ ഒരു മണിക്കൂറോളം രാത്രി കാറില്‍ അവരോടു യുദ്ധം ചെയ്തു യാത്ര ചെയ്ത കുട്ടിയാണിത്. ആ ചങ്കൂറ്റത്തിനു മുന്നില്‍ നമസ്‌ക്കരിക്കണം. ഒരു മണിക്കൂറോളം ഉപദ്രവിച്ചിട്ടും വേണ്ടതൊന്നും കിട്ടാതെ ഉപേക്ഷിക്കേണ്ടി വന്നു എന്നതല്ലെ സത്യം. സഹായിക്കാന്‍ ആരുമില്ലാത്തൊരു പെണ്‍കുട്ടിയെ നഗ്‌ന ചിത്രമെടുക്കാന്‍ ഒരു മണിക്കൂര്‍ വേണോ. സ്വന്തം ധീരതകൊണ്ടു മാത്രമാണു ആ കുട്ടി പിടിച്ചുനിന്നത്. പൊലീസില്‍ പരാതിപ്പെട്ടത്. അനുഭവിച്ചതെല്ലാം മൊഴിനല്‍കിയത്.
സഹായത്തിനു നിഴലുപോലും ഇല്ലായിരുന്ന അവസ്ഥയാണു അവര്‍ ഈ ധീരതകൊണ്ടു മറി കടന്നത്. രാത്രി ഫ്യൂസുപോയാല്‍പ്പോലും വിരണ്ടുപോകുന്നവരാണു പലരും. അവര്‍ക്കിടയില്‍ തല ഉയര്‍ത്തി ഈ പെണ്‍കുട്ടി ബാക്കിയാകുന്നു. സ്വയമെങ്കിലും മനസ്സില്‍ ഇത്തരം ചോദ്യം ചോദിച്ചവരോടു ഒന്നേ പറയാനുള്ളു, നിങ്ങള്‍ക്ക് ഈ കുട്ടിയെ ശരിക്കും അറിയില്ല. നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറത്തു ജീവിക്കുന്നൊരു കുട്ടിയാണിത്. അവരെപ്പോലെ ഒരാള്‍ ഈ സമൂഹത്തിലുണ്ടായി എന്നോര്‍ത്ത് അഭിമാനിക്കുക. പ്രായം കുറവാണെങ്കില്‍പ്പോലും അവരെ നമസ്‌ക്കരിക്കുക. മനസ്സുകൊണ്ടെങ്കിലും.
https://www.facebook.com/Malayalivartha






















