കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനം ഹൈക്കോടതി ശരിവച്ചു, നിയമനം നല്‍കിയവര്‍ക്ക് എല്ലാ വിധ ആനുകൂല്യങ്ങളും നല്‍കണമെന്ന് കോടതി

കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനം ഹൈക്കോടതി ശരിവച്ചു. 2007ല്‍ നിയമന നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കിയാണ് നിയമനം കോടതി ശരിവച്ചത്. നിയമിച്ചവരെ സ്ഥിരപ്പെടുത്താനും എല്ലാവിധ ആനൂകൂല്യങ്ങളും കുടിശികയടക്കം രണ്ടു മാസത്തിനകം നല്‍കാനും കോടതി നിര്‍ദേശിച്ചു. നിയമനങ്ങളില്‍ ക്രമക്കേടോ സ്വജനപക്ഷപാതമോ കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ പട്ടികയില്‍നിന്നും പുതിയ നിയമനങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വരുത്തിയ വിസി, പിവിസി എന്നിവര്‍ക്കെതിരായ നിയമ നടപടികള്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു. കേരള സര്‍വകലാശാല 2005ല്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ നല്‍കിയ നിയമനങ്ങളാണ് ഹൈക്കോടതി വിധിക്ക് ആധാരം. പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേടും മൂല്യനിര്‍ണയത്തില്‍ സ്വജനപക്ഷപാതവും ആരോപിച്ച് ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ ലോകായുക്തയെ സമീപിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ നിയമന നടപടി റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുകയായിരുന്നു.
ലോകായുക്ത ശുപാര്‍ശയ്‌ക്കെതിരെ ഉദ്യോഗാര്‍ഥികളില്‍ ഒരുവിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ച് വിഷയം ഒരിക്കല്‍ക്കൂടി അന്വേഷിക്കാന്‍ ഹൈക്കോടതി ലോകായുക്തയോട് നിര്‍ദേശിച്ചു. എന്നാല്‍, നിയമനം റദ്ദാക്കണമെന്ന മുന്‍ ശുപാര്‍ശതന്നെ ലോകായുക്ത ആവര്‍ത്തിച്ചു. ഇതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
https://www.facebook.com/Malayalivartha






















