പശ്ചിമഘട്ട സംരക്ഷണം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം നടത്തുന്നതിന് കേരളത്തിന്റെ റിപ്പോര്‍ട്ടും തടസ്സമെന്ന് കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു തമിഴ്‌നാട് റിപ്പോര്‍ട്ട് നല്കാത്ത തിനുപുറമേ കേരളത്തിന്റെ റിപ്പോര്‍ട്ടും തടസമെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി കേരളം നല്‍കിയ റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്നും അതിനാല്‍ കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ വിശദീകരണം തേടുകയോ പുതിയ റിപ്പോര്‍ട്ടു തന്നെ ആവശ്യപ്പെടുകയോ ചെയ്യുമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, നേരത്തെയിറക്കിയ കരട് വിജ്ഞാപനത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നു മന്ത്രി അനില്‍ ദവെ അറിയിച്ചു.
പശ്ചിമഘട്ട മേഖലയില്‍ പൂര്‍ണമായി നിരോധിച്ച നിര്‍മാണം അടക്കമുള്ള ചില പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് ആലോചന. എന്തായാലും കേരളത്തിലെ എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, ജോയി ഏബ്രഹാം, എം.കെ. രാഘവന്‍, പി. കരുണാകരന്‍, എം.ഐ. ഷാനവാസ്, എം.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് മാര്‍ച്ച് നാലിനകം കരടു വിജ്ഞാപനം വീണ്ടും ഇറക്കാനാണ് ഇപ്പോഴത്തെ തീരുമാനം. നിയമമന്ത്രാലവുമായി ആലോചിച്ച് പുനര്‍വിജ്ഞാപനത്തിനുള്ള നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കും.
കേരളം നല്‍കിയ റിപ്പോര്‍ട്ടിന്റെ പ്രായോഗികത അടക്കമുള്ള എല്ലാക്കാര്യങ്ങളും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ വന്യജീവി ഇന്‍സ്റ്റിറ്റിയൂട്ട്, സാക്കോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ ഉപദേശം ഇനിയും കിട്ടിയിട്ടില്ല. വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടും. ആവശ്യമെങ്കില്‍ പുതിയ റിപ്പോര്‍ട്ട് തന്നെ തേടിയേക്കുമെന്നും മന്ത്രാലയം സൂചന നല്‍കി. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമി, തോട്ടം എന്നിവ ഒഴിവാക്കി കേരളം നല്‍കിയ റിപ്പോര്‍ട്ട് അതേപടി പ്രായോഗികമല്ലെന്നു സംസ്ഥാന സര്‍ക്കാരിനെ നേരത്തേ അറിയിച്ചിരുന്നു.
ഇതേസമയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചു കേരളത്തിലെ 123 ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയായി കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും ജനവാസ കേന്ദ്രങ്ങള്‍, കൃഷി ഭൂമി, തോട്ടങ്ങള്‍ എന്നിവയെ ഒഴിവാക്കി പിന്നീട് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നതാണെന്ന് ജോസ് കെ. മാണി എംപി ചൂണ്ടിക്കാട്ടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനവാസ, കൃഷി, തോട്ടം മേഖലകളെ ഒഴിവാക്കിയുള്ള അന്തിമ വിജ്ഞാപനം വൈകുന്നതിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ് എംപി ഇന്ന് മന്ത്രി ദവെയെ കാണുന്നുണ്ട്.
റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ തീരുമാനം വൈകുമെന്ന് കഴിഞ്ഞ ഏഴിനു ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിലുള്ള നിലപാടും മറുപടി റിപ്പോര്‍ട്ടും തമിഴ്‌നാട് മാത്രം ഇനിയും നല്‍കിയിട്ടില്ലെന്ന് ജോയി എബ്രഹാം എംപിക്ക് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ വനംപരിസ്ഥിതി മന്ത്രി ദവെ മറുപടിയും നല്‍കിയിരുന്നു. 2015 സെപ്റ്റംബര്‍ നാലിനു പുറത്തിറക്കിയ രണ്ടാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി മാര്‍ച്ച് നാലിന് അവസാനിക്കും. കരട് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ 545 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ടവരില്‍ നിന്നുള്ള പരാതികള്‍ പരിഹരിച്ച് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണു ചട്ടം. 2014 മാര്‍ച്ച് 10നായിരുന്നു ആദ്യ കരട് വിജ്ഞാപനം.
https://www.facebook.com/Malayalivartha






















