ഒളിസങ്കേതത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ബൈക്ക് മോഷ്ടിച്ചതെന്ന് ഉടമ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടാളി വിജേഷിനെയും കൊണ്ടുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ഇവര്‍ ഒളിച്ചുതാമസിച്ചിരുന്ന വീട്ടില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പീളമേട്ടിലെ ശ്രീറാം കോളനിയിലെ വീട്ടില്‍നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. പള്‍സര്‍ സുനിയും വിജേഷും കോടതിയിലെത്തിയ ബൈക്കിന്റെ ഉടമയെയും കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണ് ബൈക്കിന്റെ ഉടമസ്ഥന്‍. ഇവിടെയുള്ള ഒളിസങ്കേതത്തില്‍നിന്ന് ബൈക്കുമായി കൊച്ചിയിലേക്ക് എത്തുകയായിരുന്നു സുനിയും വിജേഷും. തന്റെ ബൈക്ക് മോഷണം പോയിരുന്നതായി സെല്‍വന്‍ പൊലീസിനോട് പറഞ്ഞു. അതിനിടെ, പൊലീസ് തെളിവെടുപ്പിനെത്തിയത് അറിഞ്ഞ് സുനിയുടെ സഹായി ഇവിടെ നിന്നും മുങ്ങി.
പുലര്‍ച്ചെ 4.10 ഓടെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. നടിയെ ആക്രമിച്ചു മുങ്ങിയ ശേഷമുള്ള രാത്രികളിലെല്ലാം വഴിവക്കിലോ, കടത്തിണ്ണയിലോ, ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്ന് സുനി മൊഴി നല്‍കിയിരുന്നു. കയ്യില്‍ പണമില്ലാത്തതിനാലാണ് ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേന്നു തന്നെ ജില്ലയിലെത്തിയിരുന്നുവെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണു രാത്രി കഴിച്ചുകൂട്ടിയതെന്നും ചോദ്യം ചെയ്യലിനിടെ സുനില്‍ വെളിപ്പെടുത്തി.
തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള (ടിഎന്‍ 04 ആര്‍ 1496) കറുത്ത പള്‍സര്‍ ബൈക്കിലാണ് സുനില്‍കുമാറും വിജേഷും എറണാകുളം അഡീഷനല്‍ സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയത്. കേബിളുകള്‍ മുറിച്ച നിലയിലായിരുന്നു ബൈക്ക് കണ്ടെത്തിയത്. പള്‍സര്‍ ബൈക്കുകളോടുള്ള താല്‍പര്യം മൂലമാണ് സുനിലിന് പള്‍സര്‍ സുനിയെന്ന പേരു ലഭിച്ചിരുന്നത്. അതിനാല്‍ അയാള്‍ കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കിലാണെന്നത് കൗതുകമുയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha
























