സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു; ജയ അരി വില 50ലേക്ക് കടന്നു; ഭക്ഷ്യവകുപ്പിന്റെ ഇടപെടല്‍ ദുര്‍ബലമാകുന്നു

സംസ്ഥാനത്ത് അരിവില പിടിച്ചുനിറുത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'അരിക്കട' പദ്ധതി ആരംഭം മുതലേ പാളി. എഫ്.സി.ഐ വഴി മതിയായ അരി ലഭിക്കാത്തതും വരള്‍ച്ച മൂലം അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള അരിവരവ് കുറഞ്ഞതുമാണ് പദ്ധതിക്ക് വന്‍ തിരിച്ചടിയായത്. ഇതോടെ സംസ്ഥാനത്ത് അരിവില വീണ്ടും കുതിച്ചുയര്‍ന്നു. ഈമാസം 13നാണ് അരിക്കടകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചത്.
പൊതുവിപണിയെക്കാള്‍ 10 ശതമാനം വിലക്കുറവില്‍ മട്ട അരി കിലോക്ക് 24 രൂപക്കും ജയ അരി 25നും പച്ചരി 23രൂപക്കും വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, കട തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും മേല്‍പ്പറഞ്ഞ അരികളൊന്നും തൊട്ടുനോക്കാന്‍പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. എഫ്.സി.ഐയുടെ ഓപണ്‍ മാര്‍ക്കറ്റ്‌സെയില്‍ സ്‌കീം പ്രകാരം 25 രൂപക്ക് സുരേഖ അരി വാങ്ങി വിതരണം ചെയ്യുന്നുണ്ടെങ്കിലും കരിഞ്ചന്തയില്‍ ഈ അരി 20 രൂപക്ക് സുലഭമായി കിട്ടുന്നതുമൂലം ആരും കടകളിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍തന്നെ പറയുന്നു.
ഓയില്‍ പാം ഇന്ത്യയുടെ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ ചമ്പാവ് അരിയും ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഈ അരിയും കിട്ടാനില്ല. മില്ലില്‍ ഉല്‍പാദിക്കുന്ന മുഴുവന്‍ അരിയും കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിതരണത്തിനു മാത്രമേ തികയുന്നുള്ളൂ. ഇതിനു പുറമേ, മില്ലുകളില്‍നിന്ന് അരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നതും പദ്ധതി തകിടം മറിയാന്‍ കാരണമായതായി ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ ഭക്ഷ്യവകുപ്പിന്റെ ഇടപെടല്‍ ദുര്‍ബലമായതോടെ സംസ്ഥാനത്ത് അരിവില വീണ്ടും ഉയര്‍ന്നു. രണ്ടുദിവസം മുമ്പ് ചില്ലറ വിപണിയില്‍ 47 രൂപയായിരുന്ന ജയ അരിക്ക് 50 രൂപയോളമായി.
ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തോത്, റേഷന്‍കാര്‍ഡ് ഉടമക്ക് നല്‍കിയ അരിയുടെ അളവ് എന്നിവ റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നതാണ് ചട്ടമെങ്കിലും 90 ശതമാനം റേഷന്‍വ്യാപാരികളും ഇതു പാലിക്കുന്നില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. റേഷന്‍ കടകളില്‍ സാധാരണക്കാര്‍ക്ക് നല്‍കേണ്ട അരികള്‍ കൂടുതല്‍ വിലയ്ക്ക് മറിച്ച് വില്‍ക്കുന്നത് പതിവാണ്. റേഷന്‍ കടകളില്‍ പരിശോധന നടത്തേണ്ട ഡി.എസ്.ഒ മാര്‍തന്നെ കൈമടക്ക് വാങ്ങി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതോടെ ജനങ്ങളുടെ കൈകളിലെത്തേണ്ട അരിയാണ് കരിഞ്ചന്തയിലേക്ക് പോകുന്നത്.
https://www.facebook.com/Malayalivartha
























