വാളയാര്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍ വാളയാര്‍; രണ്ടു പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്‌എൈ പി.സി ചാക്കോയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. അതേസമയം, വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ച ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ അന്വേഷിക്കും.
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുട്ടികളുടെ ബന്ധു ഉള്‍പ്പെടെ രണ്ടു പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ പുതിയ സംഘം കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്തു.
ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ സാന്നിധ്യത്തില്‍ അന്വേഷണപുരോഗതി വിലയിരുത്തി. അന്വേഷണസംഘം തലവന്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലുളളവരെ വിശദമായ ചോദ്യം ചെയ്തതിനുശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുളളു. നിലവില്‍ ഇളയ കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ മൂന്നാര്‍ സ്വദേശി, കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും കല്ലന്‍കാട് സ്വദേശികളുമായ രണ്ടു പേര്‍, ചേര്‍ത്തല സ്വദേശിയായ അയല്‍വാസി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുളളത്. ജനുവരി പതിമൂന്നിന് മൂത്തകുട്ടിയുടെ മരണത്തിനുശേഷം ബന്ധുവായ ആളിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നതാണ്. എന്നാല്‍ പ്രാദേശിക സിപിഎം നേതാക്കളുടെ ഇടപെടലില്‍ വിട്ടയച്ചെന്നാണ് ആക്ഷേപം. കസ്റ്റഡിയിലുളള ഒരാള്‍ ജില്ലയിലെ ഡിവൈഎഫ് ഐ നേതാവിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha


























