സ്ത്രീകളുടെ ശബരിമലയിലേയ്ക്ക് ഭക്തസഹസ്രങ്ങളുടെ പ്രവാഹം, സ്ത്രീലക്ഷങ്ങള്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കായി നാടും നഗരവും ഉത്സവത്തിമിര്‍പ്പില്‍
സ്ത്രീകളുടെ ശബരിമലയിലേയ്ക്ക് ഭക്തസഹസ്രങ്ങളുടെ പ്രവാഹം, സ്ത്രീലക്ഷങ്ങള്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കായി നാടും നഗരവും ഉത്സവത്തിമിര്‍പ്പില്‍ .അമ്മയെ ഒന്നു വന്ദിക്കാനും ആ പുണ്യഭൂമിയില്‍ പൊങ്കാലയിട്ടു നിര്‍വൃതിയടയാനും വൃതശുദ്ധിയോടെ മങ്കമാര്‍ ആറ്റുകാലിലേക്ക് വരവായി. ഭക്ത സഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയരുന്നത് ഒരേ സ്വരം അമ്മേ നാരായണ ദേവീ നാരായണ . ശക്തി സ്വരൂപിണിയായ ആറ്റുകാലമ്മയുടെ ഇക്കൊല്ലത്തെ പൊങ്കാല വിണ്ടും ഒരു ചരിത്ര സംഭവമാക്കി മാറ്റുകയാണ് ഭക്തസഹസ്രങ്ങള്‍.
ഭക്തിപാരവശ്യത്തിന്റെ പരകോടിയില്‍ ഓരോ കൊല്ലവും ആറ്റുകാലമ്മയുടെ നടയിലെത്തി പൊങ്കാലയിടുന്നവര്‍ യാതനകളും കഷ്ടതകളും പൊങ്കാലതര്‍പ്പണത്തിലൂടെ മാറ്റിതരുന്ന ശക്തിസ്വരൂപിണിക്ക് പ്രണാമമര്‍പ്പിച്ചാണ് മടങ്ങുന്നത്.
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി ആറ്റുകാല്‍ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാല്‍ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരിക്കല്‍ കിള്ളിയാറ്റില്‍ കുളിക്കുമ്പോള്‍ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാന്‍ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവര്‍ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി അകത്തേക്ക് പോയ കാരണവര്‍ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയില്‍ കാരണവര്‍ക്ക് സ്വപ്നദര്‍ശനം ഉണ്ടായി. സ്വപ്നത്തില്‍ ആദിപരാശക്തിയായ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവില്‍ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താന്‍ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തില്‍ ദര്‍ശനമുണ്ടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം സൗമ്യഭാവത്തില്‍ വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ്. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാര്‍വ്വതിയുടെ അവതാരമായധ5പധ2പ കണ്ണകിയാണെന്നാണ് വിശ്വാസം. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന വിശ്വാസത്തില്‍ നിന്നാണ് ശാക്തേയര്‍ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് പാര്‍വതിയുടെ പര്യായമായി തീരുകയായിരുന്നു.
ആറ്റുകാലമ്മ പുരാതന ദ്രാവിഡ ദേവതയായ ഭദ്രകാളിയാണ്. ദ്രാവിഡരാണ് കൂടുതലും അമ്മദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികതമുതല്‍ അതിനു തെളിവുകള്‍ ഉണ്ട്. ഭഗവതനെ വിഷ്ണുവുമായി ലയിപ്പിച്ചതിനു തുല്യമായി ഇത്തരം അമ്മദൈവങ്ങളെ ഭഗവതിയുമാക്കിത്തീര്‍ക്കുകയും ഈ പുരാതന ദ്രാവിഡ ദേവത പല പല പരിണാമങ്ങളിലൂടെ ഇന്നത്തെ ദേവിയായിത്തീരുകയും ചെയ്തു. പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദിദ്രാവിഡ ക്ഷേത്രങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുന്‍പ്, അതായത് കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. അന്ന് മുതല്‍ ആറ്റുകാലിലും പരിസരപ്രദേശങ്ങളിലും വഴിയോരകലാപ്രകടനങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്ഷേത്രത്തില്‍ ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലും വിവിധ വേദികളില്‍ അരങ്ങേറുന്നു. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നു. അതോടെ ആറ്റുകാല്‍ ഉത്സവത്തിന് തുടക്കമാകുന്നു. അതിനു പിന്നാലെ തോറ്റം പാട്ട് തുടങ്ങുന്നു. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലില്‍ എത്തിക്കുന്നത് മുതല്‍ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങള്‍ പൊങ്കാലയ്ക്ക് മുന്‍പായി പാടി തീര്‍ക്കുന്നു. അതിനുശേഷമാണ് പൊങ്കാല അടുപ്പില്‍ തീ കത്തിക്കുന്നത്.
പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തെ ദേവിയായ പരമാത്മാവില്‍ ലയിപ്പിക്കുക എന്നതാണ് പൊങ്കാലയുടെ സങ്കല്‍പ്പം. അതായത് മോക്ഷം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മല്‍ത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് ഒരു തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍െ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ്. ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശര്‍ക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കല്‍, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു.
https://www.facebook.com/Malayalivartha


























