പാലക്കാട് കരുണ, കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി

പാലക്കാട് കരുണ, കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി, നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. മാനേജ്‌മെന്റുകള്‍ക്ക് റിവ്യൂ ഹര്‍ജി നല്‍കാമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളിലും കരുണയിലെ 30 സീറ്റുകളിലും മാനേജ്‌മെന്റ് നടത്തിയ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. രേഖകള്‍ യഥാവിധം പരിശോധിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, രേഖകള്‍ ഒന്നുകൂടി പരിശോധിച്ച് വിധി മാറ്റണമെന്നും സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍, എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞതെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവര്‍ വ്യക്തമാക്കി. കൃത്രിമമായി ഉണ്ടാക്കി രേഖകള്‍ വീണ്ടും പരിശോധിക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു.
ചട്ടങ്ങള്‍ക്ക് വിധേയമായാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതെന്ന് കാണിക്കാന്‍ കോളേജുകള്‍ രേഖകളില്‍ കൃത്രിമം കാട്ടിയതായി കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇത്തരം രേഖകളുമായി കോടതിക്ക് മുമ്പിലെത്തിയത് തങ്ങളെ ഞെട്ടിച്ചുവെന്നും ബെഞ്ച് നിരീക്ഷിച്ചു. കരുണ മെഡിക്കല്‍ കോളേജിലേക്ക് ജെയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തില്‍ മുന്‍ഗണന നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























