കലാഭവന്‍ മണിയുടെ മാനേജരെ രക്ഷപെടുത്താന്‍ പൊലീസ് ശ്രമമെന്ന് രാമകൃഷ്ണന്‍; പ്രധാന സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയത് അഞ്ച് വരികളില്‍

അവന് എല്ലാം അറിയാം. പോലീസ് അതിന് കുടപിടിക്കുന്നു. കലാഭവന്‍ മണി മരിച്ചിട്ട് ഇക്കഴിഞ്ഞ ആറിന് ഒരു വര്‍ഷം പൂര്‍ത്തിയായി. എന്നാല്‍ പല ഘട്ടങ്ങളില്‍ നടന്ന അന്വേഷണങ്ങളില്‍ നടന്നത് കൊലപാതകമോ ആത്മഹത്യയോ എന്നുപോലും കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തിനെതിരേ മണിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണം ദുര്‍ബലമായ ഒന്നായിരുന്നു എന്ന ആരോപണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിയുടെ സന്തതസഹചാരിയായിരുന്ന മാനേജര്‍ ജോബി സെബാസ്റ്റിയന്റെ മൊഴി വെറും അഞ്ച് വാചകങ്ങളിലാണ് പൊലീസ് രേഖപ്പെടുത്തിയതെന്നും അതില്‍ പറഞ്ഞിരിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും ആരോപിക്കുന്നു രാമകൃഷ്ണന്‍. മാനേജര്‍ ജോബിയുടെയും അയാളുടെ സഹോദരന്‍ ജിയോ സെബാസ്റ്റിയന്റെയും മൊഴിയുടെ പകര്‍പ്പ് സഹിതമാണ് ഫേസ്ബുക്കിലൂടെ രാമകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
രാമകൃഷ്ണന്‍ ഉന്നയിക്കുന്ന ആരോപണം
കലാഭവന്‍ മണിയുടെ മരണത്തില്‍, സന്തത സഹചാരിയായ നടന്ന മാനേജര്‍ജോബി സെബാസ്റ്റ്യന്റെ മൊഴിയെടുത്തത് കേവലം അഞ്ച് വരി. പാഡിയില്‍ രക്തം ചര്‍ദ്ദിച്ച് കിടക്കുന്നത് രാവിലെ 8 മണി മുതല്‍ കണ്ടുനിന്നയാള്‍ ഈ ജോബിയാണ്. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തി, വൈകീട്ട് 3 മണി വരെ പാഡിയില്‍ കിടത്തി കുടുംബക്കാരോട് ചോദിക്കാതെ ചികിത്സ നടത്തിച്ച ആള്‍. ഇയാളെ രക്ഷപ്പെടുത്താന്‍ വേണ്ടി പോലീസ് അകമഴിഞ്ഞ് സഹായിച്ചതിന്റെ തെളിവാണ് ഈ അഞ്ച് വരികള്‍. ഇതില്‍ 5ാം തിയ്യതി വൈകീട്ട് 3 മണിക്കാണ് ജോബി മണി ചേട്ടനെ കണ്ടതെന്ന് പറയുന്നു. 4.15ന് അമൃതയില്‍ എത്തിച്ചു. അപ്പോ പിന്നെ ജോബി എങ്ങിനെ കുറ്റകാരനാകും. മണിയെ കണ്ട ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി! ചികിത്സ ഒട്ടും തന്നെ വൈകിച്ചില്ല, ആത്മാര്‍ത്ഥതയുള്ള മാനേജര്‍..
അടുത്ത പേജ് നോക്കുക ജോബിയുടെ ചേട്ടന്‍ ജിയോ സെബാസ്റ്റ്യന്റെ മൊഴിയില്‍ അഞ്ചാം തിയ്യതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി, ജിയോയെ വിളിച്ച് പാഡിയിലേക്ക് ഉടന്‍ ചെല്ലാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ജോബിയും ഡോ: സുമേഷും പാഡിയില്‍ ഉണ്ടായിരുന്നു. ഇവിടെ പൊളിഞ്ഞു പോലീസിന്റെ കള്ളം. നൂറു കള്ളത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഒരു സത്യം അവശേഷിക്കും എന്നുള്ളത് എത്ര വാസ്തവം! ഒരു മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന വിറ്റ്‌നസ്. ആ വ്യക്തിയില്‍ നിന്നാണ് പ്രധാന മൊഴി രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ജോബിയെ രക്ഷപ്പെടുത്താന്‍ പോലീസ് അമിതമായ ആത്മാര്‍ത്ഥത കാണിച്ചതിന് തെളിവാണിത്. പൊലീസ് മൊത്തം വായിച്ചു നോക്കാന്‍ മറന്നു പോയി. രക്തം ചര്‍ദ്ദിച്ചതിനും മയക്കമരുന്ന് കുത്തിവെപ്പിച്ചതിനും സമയത്തിന് ചികിത്സ കൊടുക്കാത്തതിനും വീട്ടുകാരെ അറിയിക്കാത്തതിനും ഇയാള്‍ക്കെതിരെ എന്തു കേസാണ് എടുക്കേണ്ടത്. നമ്മള്‍ ആരും നിയമം പഠിച്ചിട്ടുണ്ടാവില്ല. നീതിപീഠം പറയട്ടെ..
https://www.facebook.com/Malayalivartha

























