കേരളസഭയ്ക്കാകെ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങള്‍; ദൈവദാസി സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവളാകുന്നു

ദൈവദാസി സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവളാകുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക. നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്റെ ഇതുസംബന്ധിച്ച നിര്‍ദേശം അംഗീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. അതുവരെ ധന്യയായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ എന്ന പേരിലാകും അറിയപ്പെടുക.
സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കി ഉയര്‍ത്താനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം കേരളസഭയ്ക്കാകെ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) സന്യാസിനിസഭാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണു പ്രേഷിതശുശ്രൂഷ നടത്തിയത്. എറണാകുളംഅങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ്.
സുവിശേഷവേലയ്‌ക്കൊപ്പം സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനും സാമൂഹിക ഇടപെടലുകള്‍ക്കും സിസ്റ്റര്‍ റാണി മരിയ നേതൃത്വം നല്‍കി. ഇതില്‍ രോഷാകുലരായ നാട്ടുജന്മിമാര്‍ സമന്ദര്‍ സിങ് എന്നയാളെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25ന് സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍ സിങ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചതു ശ്രദ്ധേയമായിരുന്നു.
https://www.facebook.com/Malayalivartha