ഇനി പിസി ശബ്‌ദിച്ചോട്ടെ? നെല്ലിയാമ്പതി വനമേഖലയെന്ന് സര്‍ക്കാര്‍ , കസ്‌തൂരി രംഗനോടെ ശബ്‌ദം നിലച്ച പിസി ജോര്‍ജ് നെല്ലിയാമ്പതിയിലൂടെ പടയ്‌ക്കൊരുങ്ങുന്നു

കസ്‌തൂരി രംഗന്‍ വിഷയം കേന്ദ്രം വിദഗ്‌ദ്ധമായി ഒതുക്കിയതോടെ ശബ്‌ദമില്ലാതായ പിസി ജോര്‍ജിന് വീറോടെ ശബ്‌ദിക്കാനായി നെല്ലിയാമ്പതി വീണ്ടും. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്‌മൂലത്തില്‍ 1980 ലെ വനസംരക്ഷണനിയമം നെല്ലിയാമ്പതിക്ക് ബാധകമാണെന്നും കാരപ്പാറ എസ്റ്റേറ്റിന് കൈവശഭൂമി നല്‍കാനാവില്ലെന്നും പറയുന്നു.
കാരപ്പാറ എസ്റ്റേറേറുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പാട്ടത്തിന് എസ്റ്റേറ്റുകാര്‍ക്ക് നല്‍കുന്നത് നീട്ടി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വനസംരക്ഷണ നിയമപ്രകാരം കാപ്പിത്തോട്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതിയിലെ ഭൂമി സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്നതാണ്. അത് സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം സര്‍ക്കാറിന്റെ ഈ നിലപാടിനെതിരെ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് രംഗത്തു വന്നു. സര്‍ക്കാരിന്റെ നിലപാട് കര്‍ഷകരോടുള്ള വഞ്ചനയാണന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഈ പ്രശ്‌നം യുഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്‌തതായി അറിവില്ലെന്നും കര്‍ഷകരോടൊപ്പമാണ് താനെന്നും ജോര്‍ജ് ആവര്‍ത്തിച്ചു.
ഇലക്ഷന്‍ പ്രചാരണം നടന്നുകൊണ്ടിരിക്കെ വിവാദ സത്യവാങ്‌മൂലം യു.ഡി.എഫില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.
ഈ നെല്ലിയാമ്പതി വിഷയത്തില്‍ തട്ടിയാണ് പിസി ജോര്‍ജ് അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് കുമാറിനെതിരെ ശക്തമായി രംഗത്ത് വന്നത്. തുടര്‍ന്നുണ്ടായ പിസി ജോര്‍ജിന്റെ പ്രസ്ഥാവനകളാണ് യാമിനിയെ രംഗത്തിറക്കി ഗണേഷ് കുമാറിന്റെ രാജിയില്‍ എത്തിച്ചത്.
തെരഞ്ഞെടുപ്പ് വന്നതോടെ പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിസി ജോര്‍ജ് വിവാദ പ്രസ്ഥാവനകളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നു പോലും പിസിയെ യുഡിഎഫ് ഒഴിവാക്കിയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഈ നെല്ലിയാമ്പതിയുടെ വരവ്. കര്‍ഷകരുടെ പേരു പറഞ്ഞ് പിസി ജോര്‍ജ് ഇത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha