വിവാദങ്ങളുടെ തോഴന്‍ ഒടുവില്‍ സി പി എംന്റെ കണ്ണിലെ കരടായി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇമേജുയര്‍ത്താന്‍ അവരോധിച്ച വിജിലന്‍സ് ഡയറക്ടര്‍ ഒടുവില്‍ സി പി എംന്റെ കണ്ണിലെ കരടായി. നിരവതി വിവാദങ്ങളില്‍ സര്‍ക്കാരിനെ വട്ടം ചുറ്റിച്ചു. ഡയറക്ടറായി രണ്ടാമതും ചുമതലയേറ്റതു മുതല്‍ വിവാദങ്ങളായുരുന്നു ജേക്കബ് തോമസിനെ തേടിയെത്തിയത്. ഒരു കസേരയില്‍ ആറുമാസം അടുപ്പിച്ചിരുന്നില്ലാത്ത ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ പദത്തില്‍ ഒരു വര്‍ഷം തികച്ചു. മഞ്ഞക്കാര്‍ഡും ചുവപ്പു കാര്‍ഡും കാണിച്ച് തുടങ്ങിയെങ്കിലും പലവട്ടം വിവിധയിടങ്ങളില്‍ മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ഒടുവില്‍ ചുവപ്പും. എന്നും അനാവശ്യ വിവാദങ്ങളായിരുന്നു ജേക്കബ് തോമസ് വിളിച്ചു വരുത്തിയത്.
മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പലപ്പോഴും ആക്ഷേപങ്ങള്‍ക്കിട നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ കസേര വ്യക്തിവിരോധങ്ങള്‍ തീര്‍ക്കാന്‍ അവസരമായെടുത്തു. കെ എം മാണി, കെ ബാബു,കെ എം എബ്രഹാം തുടങ്ങി തന്റെ സര്‍വീസ് ജീവിതത്തില്‍ ശത്രുക്കളായിരുന്നവരെയെല്ലാം വെല്ലുവിളിച്ചു. അവര്‍ക്കെതിരെ പരസ്യനിലപാടെടുത്തു. എന്നാല്‍ ഈ സര്‍ക്കാരിനെതിരെ ഒരു തരത്തിലുമുള്ള ആക്ഷേപങ്ങള്‍ തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടറായിരുന്നെങ്കിലും ധനമന്ത്രിയായിരുന്ന മാണിയുടെ ബാര്‍ കോഴ കേസിലെ നിലപാട് സ്ഥാനം തെറിപ്പിച്ചു. വിജിലന്‍സില്‍ നിന്നും ഫയര്‍ഫോഴ്സിന്റെ തലപ്പത്തെത്തിയപ്പോഴും വിവാദം അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സില്‍ സ്‌കൈലിഫ്റ്റ് ഇല്ലാത്തതിനാല്‍ മൂന്നുനിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പാടില്ലെന്ന് ജേക്കബ് തോമസ് സര്‍ക്കുലര്‍ ഇറക്കി. ഇതിനെല്ലാം പുറമെ മറ്റൊരു സര്‍ക്കുലര്‍ കൂടി ജേക്കബ് തോമസിന്റെ ഫര്‍ഫോഴ്സിന്റെ തലപ്പത്തെ കസേരയിളക്കി. അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് ജേക്കബ് തോമസ് ഇറക്കിയ ഉത്തരവായിരുന്നു അത്.
കിണറ്റില്‍ വീണവരെയും വെള്ളത്തില്‍ വീണവരെയും രക്ഷിക്കുന്നതടക്കമുള്ള മറ്റുകാര്യങ്ങള്‍ക്ക് ഫയര്‍ഫോഴ്സ് സഹായം ലഭിക്കില്ലെന്നായിരുന്നു ഉത്തരവ്. ഉത്തരവ് വന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും ചൊടിച്ചു. അതോടെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി. യായി നിയമിച്ചു. തന്നെക്കാള്‍ ജൂനിയറായ ഓഫീസര്‍ ചുമതലയിലിരുന്ന സ്ഥാനത്തേക്ക് തന്നെ തരംതാഴ്ത്തുകയാണെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.
അധികം വൈകാതെ അദ്ദേഹത്തിന് നല്ലകാലം വന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുമ്പ് ചുമതലയിലിരുന്ന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് വീണ്ടും അദ്ദേഹം തിരിച്ചെത്തി. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ നടന്ന സോളാര്‍പാനല്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്, ഉന്നതര്‍ പ്രതിയായ ടൈറ്റാനിയം, പാമോലിന്‍ കേസുകള്‍, വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മൈക്രോ ഫിനാന്‍സ് കേസില്‍ എഫ്.ഐ.ആര്‍, ഉന്നതരെ പ്രതിയാക്കി കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയന്വേഷണം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിയന്വേഷണം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ അന്വേഷണം, കെ.എം.മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം തുടങ്ങി വില്ലേജ് ഓഫീസുകളിലെ അഴിമതിയന്വേഷണങ്ങള്‍ വരെയുള്ളവയെല്ലാം വിവാദങ്ങളില്‍ നിറഞ്ഞു നിന്നു.
നിരവധി ആക്ഷേപങ്ങളാണ് ഇക്കാലയളവില്‍ ജേക്കബ് തോമസിന് നേരിടേണ്ടിവന്നത്. ഇ.പി.ജയരാജന്റെ രാജിയിലേക്കെത്തിയ ബന്ധുനിയമന പരാതികളിലും അന്വേഷണം വിജിലന്‍സ് ഊര്‍ജിതമാക്കിയിട്ടും ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലാപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ ഇതിനെല്ലാം അപ്പുറത്ത് കോടതിയുടെ ഇടപെടലുകള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായത്. 1985 ബാച്ച് ഐ പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഫയര്‍ഫോഴ്‌സ് മേധാവി, വിജിലന്‍സ് എ.ഡി.ജി.പി. തസ്തികകളിലും ജോലി ചെയ്തിട്ടുണ്ട്. ഒടുവില്‍ വിജിലന്‍സിന്റെ പടിതാനിറങ്ങുന്നു എന്ന് പ്രഖ്യാപിച്ചു മടക്കം.
https://www.facebook.com/Malayalivartha
























