കേരളയൂണിവേഴ്‌സിറ്റി കുമാരപുരം ബിഎഡ് കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം; ഇന്റേണല്‍ മാര്‍ക്ക് പീഡനം എന്നാരോപണം

കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കുമാരപുരം ബിഎഡ് ട്രെയിനിങ് കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ രണ്ട് പേരാണ് അദ്ധ്യാപകരുടെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലുള്ള പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്നലെ ഉച്ചയോടെ കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടാന്‍ തുനിഞ്ഞ വിദ്യാര്‍ത്ഥികളെ സഹപാഠികള്‍ ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു. സര്‍വ്വകലാശാല പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലെന്ന് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് നിര്‍ബന്ധിച്ച് എഴുതി ഒപ്പിട്ടു വാങ്ങിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് കോളേജ് ചെയര്‍മാന്‍ ഷിഹാസ് പറഞ്ഞു.
ബിഎഡ് കോഴ്‌സില്‍ സിഇ മാര്‍ക്കിന് നിര്‍ണായക പ്രാധാന്യമാണുള്ളത്. അസൈന്‍മെന്റ്, സെമിനാര്‍, പ്രാക്ടിക്കല്‍, പ്രാക്ടിക്കം എന്നീ വിഭാഗങ്ങളിലാണ് ഇന്റേണല്‍ മാര്‍ക്കിടുന്നത്. മിനിമം ഇന്റേണല്‍ മാര്‍ക്കില്ലാതെ യുണിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ റെക്കോഡ് ബുക്കില്‍ അദ്ധ്യാപകര്‍ ഒപ്പിട്ടാല്‍ മാത്രമേ യൂണിവേഴ്‌സിറ്റി മാര്‍ക്ക് നല്‍കുകയുള്ളൂ. ഈ അധികാരങ്ങളാണ് അദ്ധ്യാപകര്‍ ചൂഷണം ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

അസൈന്‍മെന്റുകള്‍ സമര്‍പ്പിച്ചാല്‍ മിനിമം മാര്‍ക്ക് നല്‍കണമെന്ന സര്‍വ്വകലാശാല നിര്‍ദ്ദേശമുണ്ട്. സിഇ ഇവാല്യുവേഷന് എത്തുന്ന കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹിച്ച മാര്‍ക്ക് നല്‍കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

രാവിലെ ഒമ്പതര മുതല്‍ നാലര വരെയുള്ള സമയത്ത് അത്യാവശ്യമാണെങ്കില്‍ പോലും കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്തുവിടാറില്ല. ആര്‍ത്തവസംബന്ധമായ അസുഖം രൂക്ഷമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകണമെന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് ചികിത്സ നിഷേധിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജില്‍ സദാചാരപൊലീസിങ്ങ് രൂക്ഷമാണെന്ന ആരോപണവുമുണ്ട്.

കഴിഞ്ഞ ദിവസം ലൈംഗിക അപവാദപ്രചരണത്തില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ക്ലീനിങ്ങ് ലോഷന്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോളേജില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതുവരെ സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. തിങ്കളാള്ച്ച മുതല്‍ സമരം ആരംഭിക്കും.

https://www.facebook.com/Malayalivartha
























