അമ്മച്ചിയുടെ അവസാന പ്രതീക്ഷയും പോയി... നഷ്ടമാകുന്നത് 4 ലക്ഷം രൂപ

അസാധുവാക്കിയ 500രൂപ,1000 രൂപ നോട്ടുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 31നു മാറാമെന്ന അവസാന പ്രതീക്ഷയും പൊലിഞ്ഞതോടെ ഇനി എന്തു ചെയ്യുമെന്നറിയാതെ കടുത്ത ആശങ്കയിലും വിഷമത്തിലുമാണ് സത്തായി. വൈദ്യുതി പോലുമില്ലാത്ത ഒറ്റമുറി വീട്ടില്‍ തനിച്ചു താമസിക്കുന്ന ചിറയ്ക്കകം ഭഗവതി പറമ്പില്‍ പരേതനായ ലക്ഷ്മണിന്റെ ഭാര്യ സതി എന്ന് വിളിക്കുന്ന സത്തായി രാജ്യത്ത് നോട്ടുകള്‍ നിരോധിച്ച വാര്‍ത്ത വളരെ വൈകിയാണ് അറിഞ്ഞത്. അയല്‍ക്കാരുമായി യാതൊരു സമ്പര്‍ക്കവും ഇല്ലാതിരുന്ന സത്തായി സാധനങ്ങള്‍ വാങ്ങാനായി 1000 രൂപയുടെ നോട്ടുമായി ചെന്നപ്പോള്‍ കടയുടമയില്‍നിന്നാണ് നോട്ടു നിരോധിച്ച വിവരം അറിയുന്നത്. 
വരാപ്പുഴ മൃഗാശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന സത്തായിക്ക് സര്‍വീസില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച നാലു ലക്ഷം രൂപ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കടയുടമയോട് ഇവര്‍ പറയുകയായിരുന്നു. ജനുവരി 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വരാപ്പുഴ പഞ്ചായത്ത് അംഗങ്ങളും പോലീസും ചേര്‍ന്ന് വീട് പരിശോധിച്ചപ്പോള്‍ വീട്ടില്‍നിന്ന് നാലു ലക്ഷം രൂപയുടെ റദ്ദായനോട്ടുകള്‍ കണ്ടെത്തി. ആയിരത്തിന്‍ന്റെ 130 നോട്ടുകളും അഞ്ഞൂറിന്റെ 540 നോട്ടുകളുമാണ് കണ്ടെടുത്തത്. 
അസാധു നോട്ടുകള്‍ പറവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ഇവ സൂക്ഷിച്ചതിനു കേസില്ലാത്തതിനാല്‍ വരാപ്പുഴ പോലീസ് നോട്ട് സൂക്ഷിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 31ന് നോട്ടുകള്‍ മാറ്റിയെടുക്കാമെന്നുള്ള അവസാന പ്രതീക്ഷയിലായിരുന്നു സത്തായിയും പഞ്ചായത്തംഗങ്ങളും. 
അസാധു നോട്ടുകളുമായി മാര്‍ച്ച് 31ന് വരാപ്പുഴ പഞ്ചായത്ത് അംഗങ്ങള്‍ക്കൊപ്പം സത്തായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെന്നൈ ശാഖയില്‍ എത്തിയെങ്കിലും ആര്‍ബിഐ നിയമപ്രകാരമുള്ള മതിയായ രേഖകള്‍ സമയത്തു ഹാജരാക്കാത്തതിനാല്‍ നോട്ടു മാറികൊടുക്കാന്‍ സാധിക്കില്ലെന്ന് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. വരാപ്പുഴ പഞ്ചായത്തിന്റെയും വാര്‍ഡ് മെമ്പറുടേയും പിടിപ്പുകേടു മൂലമാണ് സത്തായിക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യം നഷ്ടപ്പെടാന്‍ ഇടയായതെന്നും ജനുവരി 10ന് നോട്ടുകള്‍ കണ്ടെത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ അവസാന ദിവസമായ മാര്‍ച്ച് 31നാണ് സത്തായിയേയും കൂട്ടി നോട്ട് മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഇനി നോട്ട് മാറ്റിയെടുക്കണമെങ്കില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത് ആവശ്യമാണെന്നാണ് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇനി ഇത് സാധ്യമാകണമെങ്കില്‍ എംപിയുടെയോ എംഎല്‍എയുടെയും സഹായം വേണമെന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവും മക്കളും വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചുപോയ സത്തായിക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യവും നഷ്ടമാകുമെന്ന് അവസ്ഥയാണ്.
https://www.facebook.com/Malayalivartha
























