എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ ചോര്‍ച്ച: വിജിലന്‍സ് അന്വേഷണം പോരെന്നും ജുഡിഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് ചെന്നിത്തല

എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പോരെന്നും വിദ്യാഭ്യാസ മന്ത്രി രാജി വച്ച ശേഷമുള്ള ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകള്‍ മാത്രമാണ് വിജിലന്‍സിന് അന്വേഷിക്കാന്‍ കഴിയുന്നത്. മറ്റു ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് കഴിയില്ല. ആ നിലയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിജിലന്‍സ് അന്വേഷണം പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയുള്ളതാണെന്നു അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം എസ്.എസ്.എല്‍.സി കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് മാത്രമാണ്. 
വിവാദമായ ഹയര്‍ സെക്കന്‍ഡറി, ജിയോഗ്രഫി, ജേര്‍ണലിസം, ഹിന്ദി ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണമില്ല. ഇത് പരീക്ഷയുടെ ചുമതല വഹിച്ച ഇടതു അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഈ അന്വേഷണം ഒരു കാരണവശാലും അംഗീകിരക്കില്ല. ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പര്‍ ഉണ്ടാക്കിയിരിക്കുന്നത് സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയപരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചു കൊണ്ടാണ്.
മാത്രമല്ല, പരീക്ഷാ നടത്തിപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ നേരിട്ട് നടത്തണമെന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് മുഴുവന്‍ കാര്യങ്ങളും പുറത്ത് വരണമെങ്കില്‍ മന്ത്രി മാറി നിന്നുകൊണ്ടുള്ള സമഗ്രവും സമയബന്ധിതവുമായ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 
https://www.facebook.com/Malayalivartha



























