ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു, കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവും സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനും നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനുവും സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനും നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.
ചര്‍ച്ചയ്ക്ക് ശേഷം സിപി ഉദയഭാനുവാണ് സമരം അവസാനിച്ചതായി അറിയിച്ചത്.ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി മഹിജയെ ഫോണില്‍ വിളിച്ചു. പോലീസ് നടപടിയില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്നും എല്ലാ പ്രതികളേയും ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പ് നല്‍കി. ഇതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കേസിലെ മൂന്നാം പ്രതിയും നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പലുമായ എന്‍.കെ ശക്തിവേലിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതും അഞ്ച് ദിവസങ്ങളായി നടത്തി വന്ന സമരം അവസാനിപ്പിക്കാന്‍ സഹായകരമായി.സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് രാവിലെ മുതല്‍ തന്നെ ശക്തമായ ശ്രമം നടന്നിരുന്നു.
സിപിഐയാണ് പ്രശ്‌നത്തില്‍ ഒത്തു തീര്‍പ്പിന് മധ്യസ്ഥത വഹിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് മഹിജയെ കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചത്.ഇതു കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മഹിജയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























