ഹോം നഴ്‌സിംഗ് ജീവനാക്കാരിയെ കടന്നു പിടിച്ചു. എറണാകുളം സി ഐ വി എസ് ഷാജുവിനെതിരെ കേസ്.

നെടുമ്പാശേരി: ഹോം നഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയിൽ എറണാകുളം റെയിൽവെ പൊലീസ് സി.ഐ വി.എസ്. ഷാജുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു.
ദേശീയപാതയിൽ അത്താണി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഹോം നഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. കഴിഞ്ഞ മാസം 27നാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് താത്കാലിക സ്ഥലം മാറ്റവുമുണ്ടായപ്പോൾ വി.എസ്. ഷാജു നാല് മാസത്തോളം നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ സി.ഐയായി ജോലി ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഹോം നേഴ്സിംഗ് സ്ഥാപന ഉടമയായ സ്ത്രീ അടുത്ത സുഹൃത്തായിരുന്നു. സ്ഥലം മാറിയ ശേഷവും ദേശീയപാത വഴി പോകുമ്പോൾ സി.ഐ സ്ഥാപനത്തിൽ കയറാറുണ്ട്. സംഭവദിവസം സി.ഐയെത്തിയപ്പോൾ ഉടമയുണ്ടായിരുന്നില്ല. ഈ സമയം ഓഫീസിലെ കാമ്പിനിൽ ഇരുന്ന 32കാരിയെ സി.ഐ കടന്നുപിടിച്ചെന്നാണ് പരാതി. റൂറൽ എസ്.പി എ.വി. ജോർജ് പരാതി സ്ഥിരീകരിച്ചു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം കേസിന്റെ തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് എസ്.പി പറഞ്ഞു. അതേ സമയം കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഔദ്യോഗികമായി സമ്മതിക്കാൻ നെടുമ്പാശേരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള അങ്കമാലി സി.ഐയോ ആലുവ ഡി.വൈ.എസ്.പിയോ തയ്യാറായില്ല.
https://www.facebook.com/Malayalivartha



























