ജേക്കബ് തോമസ് മടങ്ങിയെത്തിയേക്കും : പോലീസ് നയത്തില്‍ വ്യക്തതയില്ലാതെ മുഖ്യന്‍ വെള്ളം കുടിക്കുന്നു

വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ മാറ്റിയ ജേക്കബ് തോമസ് അവധി ഉപേക്ഷിച്ച് ഉടന്‍ മടങ്ങിയെത്തുമെന്ന് വിവരം. ജേക്കബ് തോമസ് മടങ്ങിയെത്തിയാലും അദ്ദേഹത്തിനു സര്‍ക്കാര്‍ സീറ്റ് നല്‍കാന്‍ സാധ്യതയില്ല. ഐ.എം.ജി. ഡയറക്ടര്‍ സ്ഥാനം മാത്രമാണ് സര്‍ക്കാരിനു മുമ്പിലുള്ളത്. അത് ഏറ്റെടുക്കാന്‍ അദ്ദേഹം തയാറായെന്നു വരില്ല. മാത്രവുമല്ല സര്‍ക്കാരിനത് മോശവുമാണ്. ജേക്കബ് തോമസ് പടുത്തുയര്‍ത്തിയ ഇമേജിലാണ് സര്‍ക്കാര്‍ കുറെക്കാലം മുന്നോട്ടു പോയത്.
ജേക്കബ് തോമസിനെ മാറ്റിയതല്ലെന്നും അദ്ദേഹം അവധിയെടുത്ത് പോയതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭാ പരാമര്‍ശത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.
ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റിയതല്ലെന്നു തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇ പി ജയരാജന്‍ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കരുതെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിന് അവധിയെടുത്ത് പോകേണ്ടി വന്നത്. സര്‍ക്കാര്‍ പറയുന്നത് കേട്ടില്ലെങ്കില്‍ മാറ്റേണ്ടി വരുമെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ജേക്കബ് തോമസിന് മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല.
ജേക്കബ് തോമസിന്റെ ഉദ്ദേശം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുക എന്നതാണ് . ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അതിനു പാര്‍ട്ടിയുടെ പിന്തുണ മുഖ്യമന്ത്രിക്ക് കിട്ടുകയുമില്ല. ജേക്കബ് തോമസ് അവധിയെടുത്താണ് പോയത്. അതിനാല്‍ വിജിലന്‍സ് ആസ്ഥാനത്ത് തന്നെ മടങ്ങിയെത്തും. അവിടെ തന്നെയാണ് അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അങ്ങനെ വന്നാല്‍ എന്തു ചെയ്യുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതിനിടെ ജേക്കബ് തോമസിന്റെ അവധി നീട്ടിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ ലോകനാഥ് ബഹ്‌റയെ മാറ്റാമെന്നും അപ്പോള്‍ വിജിലന്‍സില്‍ ഒഴിവു വരുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വിജിലന്‍സില്‍ വരുന്ന ഒഴിവില്‍ ജേക്കബിനെ നിയമിക്കുമെന്ന് ആര്‍ക്കറിയാം?
https://www.facebook.com/Malayalivartha























