പ്രാരാബ്ധങ്ങളെ മാറ്റിനിര്‍ത്തി ഡോക്ടര്‍ ആകാന്‍ ആഗ്രഹിച്ച റഫ്‌സീന എന്തിന് സ്വയം ജീവനൊടുക്കണം..?

പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടിലിരുന്ന് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ നാമത്ത് റഫ്‌സീന(17)യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലി ചെയ്താണ്‍ റഫ്സീനയെ ഉമ്മ റഹ്മത്ത് പഠിപ്പിച്ചിരുന്നത്.
ഹൈസ്‌കൂള്‍വരെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. കൂലിവേല ചെയ്താണ് ഉമ്മ റഹ്മത്ത് മൂന്ന് മക്കളുള്ള കുടുംബത്തെ പോറ്റുന്നത്. പ്ലസ്ടുവിന് നേട്ടംകൊയ്തത് ട്യൂഷന്‍ ഇല്ലാതെയായിരുന്നു. റഫ്‌സീനയുടെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കി സന്മനസ്സുള്ളവര്‍ തുടര്‍പഠനത്തിനും മറ്റും സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആ കുടുംബം.
ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടിലായിരുന്നു റഫ്സീനയും ഉമ്മയും താമസിച്ചിരുന്നത്. ഉപ്പ ഇവരെ ഉപേക്ഷിച്ച് പോയതാണ്. ശിവപുരം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് റഫ്സീന പ്ലസ്ടു പാസായത്. സയന്‍സ് ഗ്രൂപ്പില്‍ 1200ല്‍ 1180 മാര്‍ക്കും ഈ മിടുക്കി നേടിയിരുന്നു. പ്ലസ് വണ്ണിന് 96 ശതമാനം മാര്‍ക്ക് ഉണ്ടായിരുന്നു.
ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും മികച്ച വിജയം നേടിയ റഫ്സീന നാട്ടുകാര്‍ക്ക് അഭിമാനം ആയിരുന്നു. പ്രദേശ വാസികള്‍ ചേര്‍ന്ന് ഈ മിടുക്കിയെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. അതിന് ശേഷമാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റഫ്സീനയുടെ ചേച്ചി മന്‍സീന തിരുവനന്തപുരത്ത് ബി ഫാം വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ മഹ്റൂഫ് ബെംഗളൂരുവിലെ ഒരു കടയില്‍ ജോലി ചെയ്യുന്നു.
പഠിച്ച് ഡോക്ടര്‍ ആകണം എന്നായിരുന്നു റഫ്സീനയുടെ ആഗ്രഹം. എന്ത് കൊണ്ടാണ് പെണ്‍കുട്ടി പെട്ടന്ന് ഇങ്ങനെ ഒരു കടുംകൈ ചെയ്തത് എന്ന് വ്യക്തമല്ല. പേരാവൂര്‍ എസ് ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha























