ഗൂഗിളിന്റെ തെറ്റുതിരുത്തി മലയാളിയായ പതിനാറുകാരന്‍

ഗൂഗിള്‍ സപ്പോര്‍ട്ട് ഡൊമെയിനിലെ പ്രശ്‌നം കണ്ടെത്തിയ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിന്റെ തെറ്റുതിരുത്തിയ വിദ്യാര്‍ഥിക്ക് ആണ് അംഗീകാരം. ഗൂഗിള്‍ സപ്പോര്‍ട്ട് ഡൊമെയിനിലെ പ്രശ്‌നം കണ്ടെത്തിയ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അഭിഷേക് സിദ്ധാര്‍ഥാണ്. ഈ അംഗീകാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് പതിനാറുകാരനായ അഭിഷേക്. വെബ്‌സൈറ്റിലെ എന്ന ബഗാണ് കണ്ടെത്തിയത്.
പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഹാള്‍ ഫെയിം അംഗീകാരം നല്‍കുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകള്‍ കണ്ടെത്തി ഈ അംഗീകാരം നേടാന്‍ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് അഭിഷേകും ഇടം നേടിയിരിക്കുന്നത്.
ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. ഈ ലിസ്റ്റില്‍ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പ്രത്യേക പേജില്‍ എന്നും നിലനിര്‍ത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്.
തെറ്റു കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ പ്രതിഫലവും നല്‍കുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നല്‍കുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. 80 പേജുള്ള ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ അഭിഷേകിന്റെ സ്ഥാനം 29–ാം പേജിലാണ്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നല്‍കും മുന്‍പെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ് ഗൂഗിള്‍ രീതി.
ആറ്റിങ്ങല്‍ ശ്രീ ഗോകുലം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഭിഷേക്. ബയോ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന അഭിഷേകിന് ചെറുപ്പത്തിലെ വെബ് ഡിസൈന്‍, വെബ് ഡവലപ്പിങ് മേഖലയില്‍ താല്‍പര്യമുണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് വെബ് ഡവലപ്പിങ്, ഡിസൈന്‍ പഠിക്കുന്നത്. എല്ലാം ഓണ്‍ലൈന്‍ വഴിയാണ് പഠിച്ചെടുത്തത്.
പ്ലസ്‌വണ്ണിന് പഠിക്കുമ്പോഴാണ് എത്തിക്കല്‍ ഹാക്കിങ്, സൈബര്‍ സെക്യൂരിറ്റി വിഷയങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്. എത്തിക്കല്‍ ഹാക്കിങ്ങിന്റെ ബാലപാഠങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാണ് പഠിച്ചത്. കൂടാതെ എത്തിക്കല്‍ ഹാക്കര്‍മാരുടെ ഗ്രൂപ്പുകളില്‍ അംഗമായതോടെ നിരവധി സുഹൃത്തുക്കള്‍ സഹായിക്കാനെത്തി. സംശയങ്ങള്‍ക്കെല്ലാം അവര്‍ മറുപടി നല്‍കി സഹായിച്ചെന്നും അഭിഷേക് പറയുന്നു. ഏറെ ഇഷ്ടപ്പെട്ട വിഷയമായതിനാല്‍ എത്തിക്കല്‍ ഹാക്കിങ്ങില്‍ ലഭിക്കാവുന്ന വിവരങ്ങളെല്ലാം പഠിച്ചെടുത്തു. ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ നിന്നാണ് എത്തിക്കല്‍ ഹാക്കിങ്ങില്‍ അഭിഷേകിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചത്.
കോഡ് അക്കാദമി എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയാണ് കംപ്യൂട്ടര്‍ കോഡിംഗ് പഠിച്ചെടുത്തത്. എസ്‌ക്യുഎല്‍ സാങ്കേതികതയുടെ അടിസ്ഥാന വിവരങ്ങള്‍ പഠിച്ചെടുത്തത് സ്‌കൂളില്‍ നിന്നാണ്. ശേഷിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി പഠിച്ചെടുത്തു. ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ സമയമെങ്കിലും എത്തിക്കല്‍ ഹാക്കിങ് പഠിക്കാന്‍ ഈ കൊച്ചു മിടുക്കന്‍ കണ്ടെത്താറുണ്ട് .
https://www.facebook.com/Malayalivartha























