ആര്‍എസ്എസ് പരിപാടിയെന്ന് അറിഞ്ഞില്ലെന്ന് എംഎല്‍എ അരുണന്‍; നടപടിയില്‍ സിപിഐഎം വിശദീകരണം തേടി

തൃശൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഐഎം ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണനോട് പാര്‍ട്ടി വിശദീകരണം തേടി. തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനാണ് പാര്‍ട്ടി ഘടകത്തോടും എംഎല്‍എയോടും വിശദീകരണം തേടിയത്. മറുപടി കിട്ടിയ ശേഷം തുടര്‍നടപടിയെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തൃശൂര്‍ ഊരകത്ത് ആര്‍എഎസ്എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിനാണ് എംഎല്‍എ പോയത്. സംഭവം വിവാദമായതോടെ ആര്‍എസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് പോയതെന്നാണ് അരുണന്‍ മാസ്റ്റര്‍ പറയുന്നത്.
തൃശൂര്‍ ഊരകത്ത് രാഷ്ട്രീയ സ്വയം സേവക സംഘം നടത്തിയ നോട്ടുപുസ്തകത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്യാനാണ് സിപിഐഎം നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ അരുണന്‍ മാസ്റ്റര്‍ എത്തിയത്. ആര്‍എസ്എസ് സേവാപ്രമുഖായിരുന്ന കുഞ്ഞിക്കണ്ണന്റെ സ്മരണക്കായിട്ടാണ് പുസ്തകവിതരണം നടത്തുന്നത്.
ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതും അവരുടെ പരിപാടി ഉദ്ഘാടനം ചെയ്തതും ഇതിനകം തന്നെ സിപിഐഎമ്മില്‍ വിവാദമായി കഴിഞ്ഞിരുന്നു. സംഭവം പുറത്തുവന്നതോടെയാണ് പാര്‍ട്ടി വിശദീകരണം തേടിയത്.
ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മാറേണ്ട വിദ്യാഭ്യാസ രീതിയെക്കുറിച്ച് സംസാരിക്കവെ യുവ്‌രാജ് സിങ്ങിനെക്കുറിച്ച് അരുണന്‍ മാസ്റ്റര്‍ പരാമര്‍ശിച്ചത് വിവാദമായിരുന്നു. 1983ലോ മറ്റോ ഇന്ത്യക്ക് ലോകകപ്പ് നേടിയ കപില്‍ദേവിന്റെ ടീമില്‍ യുവ്‌രാജ് സിങ്ങ് ഉണ്ടായിരുന്നു എന്നുളള കാര്യം എത്ര പേര്‍ക്ക് അറിയാമെന്നായിരുന്നു അധ്യാപകന്‍ കൂടിയായ അരുണന്‍ എംഎല്‍എയുടെ പരാമര്‍ശം.
https://www.facebook.com/Malayalivartha

























