റേഷന്‍ കടവഴിയുള്ള പഞ്ചസാര വിതരണം പൂര്‍ണമായും നിലച്ചു

ഇനി റേഷന്‍ കട വഴി പഞ്ചസാര ലഭ്യമാകില്ല. കുറച്ചുകാലമായി ബിപിഎല്‍ വിഭാഗക്കാര്‍ക്കെങ്കിലും കുറഞ്ഞ അളവില്‍ ലഭ്യമായിരുന്ന പഞ്ചസാര ഇനി അവര്‍ക്കും ലഭിക്കില്ല. സംസ്ഥാനത്ത് റേഷന്‍ കട വഴിയുള്ള പഞ്ചസാര വിതരണം പൂര്‍ണമായും നിലച്ചു.
സ്റ്റാറ്റിയൂട്ടറി റേഷനിങ് സംവിധാനം തുടങ്ങിയ കാലം മുതല്‍ എല്ലാവര്‍ക്കും റേഷന്‍ കട വഴി പഞ്ചസാര ലഭിച്ചിരുന്നു. ഒരംഗത്തിന് 400 ഗ്രാം എന്ന കണക്കിലായിരുന്നു അത്. പിന്നീട് ബിപിഎല്‍ കുടുംബങ്ങള്‍ക്കു മാത്രമെന്നു പരിമിതപ്പെടുത്തി. അപ്പോഴും ഒരംഗത്തിനു 400 ഗ്രാം വീതം. പിന്നാലെ ഇത് 250 ഗ്രാമാക്കി. ഇപ്പോള്‍ അതും ഇല്ലാതായി. സ്റ്റാറ്റിയൂട്ടറി റേഷനിങ് സംവിധാനം തുടങ്ങിയ 1966 മുതലുള്ള ആനുകൂല്യമാണ് ഇപ്പൊ ഇല്ലാതായിരിക്കുന്നത്.
ഫെബ്രുവരിയിലാണ് കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് അവസാനമായി പഞ്ചസാര അലോട്‌മെന്റ് ലഭിച്ചത്. എന്നാല്‍, സംസ്ഥാനത്ത് പഞ്ചസാര സ്‌റ്റോക്ക് ഉണ്ടായിരുന്നതിനാല്‍ ഇതുവരെയുള്ള കാര്‍ഡ് ഉടമകള്‍ക്കു വിതരണം ചെയ്തു.ഇപ്പൊള്‍ ഉണ്ടായിരുന്ന സ്‌ട്രോക്കും തീര്‍ന്നതിനെ തുടര്‍ന്ന്. ഇനി വിതരണം സാധ്യമല്ല. ബിപിഎല്‍ വിഭാഗക്കാര്‍ക്കു റേഷന്‍ പഞ്ചസാര തുടര്‍ന്നും കൊടുക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭിക്കാന്‍ ഇടയില്ല.
സംസ്ഥാനത്തിനു വേണമെങ്കില്‍ സ്വന്തം നിലയ്ക്കു വിതരണം ചെയ്യാമെന്നാണ് കേന്ദ്ര നിലപാട്. അതിനു പക്ഷേ, കേന്ദ്ര സബ്‌സിഡി കിട്ടില്ല എന്നതിനാല്‍ സംസ്ഥാനത്തിനു വന്‍ ബാധ്യതയുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ ലെവി പഞ്ചസാര സംവിധാനം നിര്‍ത്തലാക്കിയതാണ് പ്രശ്‌നത്തിനു കാരണം. പൊതുവിപണിയില്‍നിന്നു വാങ്ങി വിതരണം ചെയ്യുന്ന പഞ്ചസാരയ്ക്ക് കേന്ദ്രം സബ്‌സിഡി നല്‍കിയിരുന്നതാണു നിര്‍ത്തലാക്കിയത്.
റേഷന്‍ സംവിധാനത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ ഘട്ടം ഘട്ടമായി പിന്‍മാറുന്നതിന്റെ ഭാഗമാണ് പഞ്ചസാര നിര്‍ത്തലാക്കിയത്. നേരത്തേ മണ്ണെണ്ണ വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ വൈദ്യുതീകരിച്ച വീടിന് അര ലീറ്റര്‍ മാത്രമേ കിട്ടുന്നുള്ളു. വൈദ്യുതിയില്ലാത്ത വീടിന് നാലു ലീറ്റര്‍. വൈദ്യുതിയില്ലാത്ത വീടുകള്‍ വളരെ കുറവാണു താനും.
മണ്ണെണ്ണയെക്കാള്‍ കുറച്ചു മാത്രം കാര്‍ബണ്‍ പുറത്തു വിടുന്ന പാചക വാതകം പ്രോല്‍സാഹിപ്പിക്കാനാണ് മണ്ണെണ്ണ വെട്ടിക്കുറയ്ക്കുന്നതെന്നാണ് കേന്ദ്ര വിശദീകരണം.
https://www.facebook.com/Malayalivartha

























