വിശുദ്ധിയുടെ പുണ്യമാസത്തില്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമായി മലപ്പുറത്തെ ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം

വിശുദ്ധിയുടെ പുണ്യമാസത്തില്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമാവുകയാണ് മലപ്പുറത്തെ ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രവും ഇവിടുത്തെ നാട്ടുകാരും. 400ലേറെ വരുന്ന മുസ്ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയാണ് ഇവിടെ മതസൗഹാര്‍ദത്തിന്റെ നന്മ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചത്. 400ഓളം മുസ്ലീങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ 100ഓളം മറ്റ് മതസ്ഥരും പങ്കെടുത്തു. ക്ഷേത്രത്തിന്റ പുനപ്രതിഷ്ഠയുടെ ഭാഗമായി കൂടിയാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. മേയ് 29 മുതല്‍ ജൂലായ് 24 വരെയാണ് പുനപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.
ഇഫ്താറിന് തുടങ്ങിയതല്ല ഇവിടുത്തെ മനുഷ്യ സ്‌നേഹവും മതസൗഹാര്‍ദവും. ക്ഷേത്ര പുനപ്രതിഷ്ഠയ്ക്ക് വേണ്ടി മുന്നൂറോളം മുസ്ലീം കുടുംബങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. മലപ്പുറത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വെട്ടിച്ചിറയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. മതത്തേക്കാള്‍ ഉപരി മാനവ സ്‌നേഹത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാവര്‍ക്കും അവരുടെ മതത്തിലോ ജാതിയിലോ വിശ്വസിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം മറ്റ് മതസ്ഥരുമായി സൗഹൃദം പാടില്ലെന്നല്ല. മറ്റുള്ള മതത്തില്‍ നിന്നുള്ളവരെ സ്വീകരിക്കാനുള്ള മനസ് നമുക്കുണ്ടാവണം. ക്ഷേത്രകമ്മിറ്റി സെക്രട്ടറി പി.ടി മോഹനന്‍ വ്യക്തമാക്കി. അമ്പലത്തിന് സമീപത്തുള്ള മമ്മു മാസ്റ്ററുടെ വീട്ടിലാണ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.
https://www.facebook.com/Malayalivartha

























