പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ പോലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് സ്വാമി ഗംഗേശാനന്ദ

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിംഗച്ഛേദത്തിനിരയായ സ്വാമി ഗംഗേശാനന്ദ ചോദ്യം ചെയ്യലിനിടെ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇന്നലെ രാത്രി പേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ശംഖുംമുഖം അസി.കമ്മിഷണര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനിടെയായിരുന്നു സ്വാമിയുടെ പൊട്ടിക്കരച്ചില്‍. താന്‍ നിരപരാധിയാണെന്നും തന്നെ യുവതിയും അവരുടെ ആള്‍ക്കാരും ചേര്‍ന്ന് കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്നുമാണ് സ്വാമി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ഇത് മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ചോദ്യംചെയ്യലുമായി സ്വാമി സഹകരിക്കുന്നില്ല. യുവതിയുമായും കുടുംബവുമായുമുള്ള അടുപ്പത്തെപ്പറ്റിയും ഇവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായ ആരോപണങ്ങളെ സംബന്ധിച്ചും സ്വാമിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും തന്നെ പെണ്‍കുട്ടിയും കുടുംബവും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് ഗംഗേശാനന്ദ നല്‍കുന്ന മറുപടി.
പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവങ്ങളെയും സാമ്പത്തിക തട്ടിപ്പുകളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ മനസിലാക്കാനും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനുമാണ് സ്വാമിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സ്വാമിയെ ഇന്നലെ വൈകുന്നേരമാണ് പേട്ട പൊലീസ് സര്‍ക്കിള്‍ ഓഫീസിലെത്തിച്ചത്. ജനനേന്ദ്രിയം മുറിഞ്ഞുമാറിയ ഭാഗത്ത് വേദനയും അസ്വസ്ഥതകളുമുള്ളതായി ഭാവിക്കുന്ന സ്വാമി അന്വേഷണസംഘത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
മെഡിക്കല്‍ കോളേജിലെ ആശുപത്രി സെല്ലില്‍ചികിത്സയിലായിരുന്ന സ്വാമിയുടെ ആരോഗ്യ നില പൊലീസ് കസ്റ്റഡിയിലും ഭദ്രമാണെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ സഹായത്തോടെ ഉറപ്പാക്കുന്നുണ്ട്. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും പൊലീസ് നല്‍കിയ ഭക്ഷണം കഴിക്കാന്‍ തയ്യാറായ സ്വാമിയ്ക്ക് കാവലിന് നിയോഗിച്ചിട്ടുള്ള പൊലീസുകാര്‍ മരുന്നുകളും മുടക്കം കൂടാതെ നല്‍കി. മൂത്രം പോകാന്‍ ട്യൂബിട്ടിരിക്കുന്നതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാണ് സ്വാമിയ്ക്ക് ബുദ്ധിമുട്ടുള്ളത്. എന്നിരുന്നാലും സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ കോടതിയെ ബോധിപ്പിച്ചത്.
ഇന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ സ്വാമിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. ഇത് കൂടാതെ ഇയാളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പണമിടപാടുകളില്‍ വ്യക്തത വരുത്താനും ശ്രമമുണ്ടാകും. പെണ്‍കുട്ടിയുടെ വീട്ടുകാരോട് ഇയാള്‍ പറഞ്ഞിട്ടുള്ള വസ്തു ഇടപാടുകളുടെ വിശദാംശങ്ങളും പൊലീസിന് അറിയേണ്ടതായുണ്ട്. ഇതോടൊപ്പം കൃത്യസ്ഥലമായ പെണ്‍കുട്ടിയുടെ വീടും പരിസരവും തിരിച്ചറിയുന്നതിനും വീട്ടിനുളളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനുമായി സ്വാമിയെ യുവതിയുടെ വീട്ടിലെത്തിച്ചും തെളിവെടുക്കും.
https://www.facebook.com/Malayalivartha

























