സംസ്ഥാനത്ത് അഴിമതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് സ്വന്തമായി സൈബര്‍ സെല്ലും ഫോറന്‍സിക് ലാബും

സംസ്ഥാനത്ത് അഴിമതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ കൂടുതലായി ഉപയോഗിക്കാനുറച്ച് വിജിലന്‍സ്. കേസന്വേഷണം ഇഴയുന്നതിനുള്‍പ്പെടെ കാരണമാകുന്നത് സാങ്കേതികസഹായം ലഭിക്കുന്നതിലെ കാലതാമസമാണെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.
പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ പൊലീസ് സഹായം തേടേണ്ട സാഹചര്യമാണ് വിജിലന്‍സിന് പലപ്പോഴുമുള്ളത്. ഇതൊഴിവാക്കി സ്വന്തംനിലയില്‍ സാങ്കേതിക പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വിജിലന്‍സിന്റെ കീഴില്‍ തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് എന്നിവടങ്ങളില്‍ സൈബര്‍ സെല്ലുകള്‍ ആരംഭിക്കാനാണ് തീരുമാനം.
ഓരോ മേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ ഈ സൈബര്‍ സെല്ലുകള്‍ക്ക് കീഴില്‍ വിശദമായി പരിശോധിക്കും. പ്രതികളുടെയോ പ്രതികള്‍ എന്നു സംശയിക്കുന്നവരുടെയോ ഫോണ്‍ വിളികളുടെയും ഇവരുടെ കമ്പ്യൂട്ടറുകളിലെയും വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനാകും സെല്ലുകളുടെ സേവനം പ്രധാനമായും ഉപയോഗിക്കുക.
കേസന്വേഷണത്തിന് പൊലീസ് സഹായം തേടുന്നതിനാല്‍ പലപ്പോഴും അന്വേഷണ വിവരങ്ങള്‍ ചോരുന്ന സാഹചര്യമുണ്ടെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. വിജിലന്‍സിന് കീഴില്‍ ഫോറന്‍സിക് ലാബ് യൂണിറ്റ് ആരംഭിക്കണമെന്ന നിര്‍ദേശവും ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പൊലീസിന്റെ ഫോറന്‍സിക് ലാബുകളെയാണ് ശാസ്ത്രീയ പരിശോധനകള്‍ക്ക് ആശ്രയിക്കുന്നത്.
എന്നാല്‍, ഈ ലാബുകളില്‍നിന്ന് വിവരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ കാലതാമസമുണ്ട്. ഈ സാഹചര്യത്തിലാണ് ഫോറന്‍സിക് ലബോറട്ടറി ആരംഭിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. വിവിധ വകുപ്പുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും തീരുമാനിച്ചു. ഒരുദ്യോഗസ്ഥന്‍ മാത്രം കേസന്വേഷിക്കുന്ന രീതി മാറ്റി ഒരു സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാല്‍ കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന വിലയിരുത്തലിലാണ് കഴിഞ്ഞദിവസം ചേര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗം എത്തിയത്. പൊലീസില്‍നിന്നും മറ്റും ഡെപ്യൂട്ടേഷനില്‍ വിജിലന്‍സിലേക്ക് മികച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























