രണ്ടാം ഘട്ടം തനിച്ച് ചെയ്യുന്നതിന് കെ.എം.ആര്‍.എല്‍ പ്രാപ്തരാണ്- ഇ.ശ്രീധരന്‍

കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയും പങ്കാളികളാവില്ലെന്ന് മുഖ്യഉപദേശകന്‍ ഇ.ശ്രീധരന്‍ പറഞ്ഞു. രണ്ടാം ഘട്ടം തനിച്ച് ചെയ്യുന്നതിന് കെ.എം.ആര്‍.എല്‍ പൂര്‍ണമായും പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ഉദ്ഘാടനത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ, സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍.
കൊച്ചി മെട്രോ പദ്ധതി പ്രത്യേകിച്ച വെല്ലുവിളി ഒന്നും ആയിരുന്നില്ല. ഏത് പദ്ധതിക്കും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ടാവാം. അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. മെട്രോ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്. ഉദ്ഘാടന ചടങ്ങില്‍ തന്നെ ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ല. പ്രധാനമന്ത്രിയൊക്കെ പങ്കെടുക്കുന്ന ചടങ്ങാണ്. അപ്പോള്‍ അതിന്റേതായ സുരക്ഷാനടപടികള്‍ ഉണ്ടാവും. തന്നെ ക്ഷണിക്കാതിരുന്നതില്‍ ഒരു ദു:ഖവുമില്ല. പദ്ധതിയുടെ ആദ്യം മുതലേ ഉണ്ടായിരുന്ന തന്നെ പ്രത്യേകമായി ക്ഷണിക്കേണ്ടതുണ്ടോയെന്നും ശ്രീധരന്‍ ചോദിച്ചു.
മെട്രോയുടെ വിജയത്തിനായി എല്ലാവര്‍ക്കും ഒത്തൊരുമിച്ച് പ്രയത്‌നിക്കാം. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലാണ് താന്‍ ശ്രദ്ധ പതിപ്പിക്കുന്നത്. കഴിഞ്ഞുപോയതിനെ കുറിച്ചൊന്നും ശ്രദ്ധിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ എട്ടു മണിയോടെ മെട്രോ പ്രദേശത്ത് എത്തിയ ശ്രീധരന്‍ പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള മെട്രോ സ്‌റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തി. കെ.എം.ആര്‍.എല്‍ അധികൃതരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























