കണ്ണുപൊട്ടുന്ന ക്രൂരത: കൊടുംക്രൂരതയ്ക്ക് ആഴമൊരുക്കിയ കിണര്‍ മൂടാനും വിഫല ശ്രമം

ഒരു നിമിഷത്തെ കോപം ഒരു കുടുംബത്തെ തകര്‍ത്തു. മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വീട്ടിലെ ശുചിമുറിയില്‍ സൂക്ഷിക്കുക, അതേ വീട്ടില്‍ ഒരു ദിവസം തനിച്ചു താമസിക്കുക, പിറ്റേന്ന് മൃതദേഹങ്ങള്‍ ഓരോന്നായി കാറില്‍ കൊണ്ടുപോയി കിണറ്റില്‍ തള്ളുക, ഈ കൊടും കുറ്റകൃത്യം ഒളിപ്പിക്കുക, പന്ത്രണ്ടാം ദിവസം മാത്രം പുറത്തറിയിക്കുക – മാത്യൂസ് ജോണ്‍ എന്ന മജോ തനിച്ചു ചെയ്ത കാര്യങ്ങള്‍ പൊലീസിനെയും അദ്ഭുതപ്പെടുത്തുന്നു. ഇന്നലെ പൊലീസിന്റെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമൊക്കെ മജോ തികഞ്ഞ സമചിത്തതയോടെയാണ് കൃത്യം വിശദീകരിച്ചത്. പകപ്പോ ദുഃഖമോ ഇല്ലാതെ. തെളിവെടുപ്പു സമയത്ത് ഒരു കാര്യം മജോ പറഞ്ഞു: 'കൊലപാതകം ചെയ്തു കഴിഞ്ഞപ്പോള്‍ ഇനിയെന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.'
ആ അങ്കലാപ്പിലാവാം മജോ മൃതദേഹങ്ങള്‍ പിറ്റേന്നു വരെ വീട്ടില്‍ തന്നെ സൂക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിന്റെ പിറ്റേന്നായപ്പോഴേക്കും മൃതദേഹങ്ങളുടെ അവയവങ്ങള്‍ വഴങ്ങാത്ത അവസ്ഥയിലായിരുന്നെന്നും അതിനാലാണ് കയര്‍ കൊണ്ടു വരിഞ്ഞു ചാക്കിലും പ്ലാസ്റ്റിക്കിലും മറ്റും പൊതിഞ്ഞു കെട്ടി കിണറ്റിലിട്ടതെന്നും മജോ പൊലീസിനോടു പറഞ്ഞു. പിറ്റേന്നത്തെ മഴയുടെ മറ പറ്റിയാണ് മൃതദേഹങ്ങള്‍ ഓരോന്നായി സ്വന്തം കാറില്‍ കിണറിനടുത്ത് എത്തിച്ചത്. പിന്നെയും നാലു ദിവസം കഴിഞ്ഞാണ് മണ്ണിട്ടു മൂടാന്‍ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നത്. പറക്കോട്ടു നിന്നു വാടകയ്ക്കു മണ്ണുമാന്തി യന്ത്രം വിളിച്ചപ്പോള്‍ പറഞ്ഞത് നായ കിണറ്റില്‍ ചത്തു കിടക്കുന്നതിനാല്‍ ദുര്‍ഗന്ധമുണ്ടെന്നും കിണര്‍ മൂടണമെന്നുമാണ്. പക്ഷേ, മണ്ണിട്ടു തുടങ്ങിയപ്പോള്‍ വെള്ളത്തിനൊപ്പം മൃതദേഹങ്ങളും ഉയര്‍ന്നുവന്നു. ഇതു മണ്ണുമാന്തി ഓപ്പറേറ്ററുടെ ശ്രദ്ധയില്‍ പെടുന്നതിനു മുന്‍പ് മണ്ണിടല്‍ പാതിയില്‍ നിര്‍ത്തി മണ്ണുമാന്തി യന്ത്രത്തിന്റെ വാടക കൊടുത്തു തിരിച്ചയച്ചു.
പിന്നീടും പരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ ഇതു ശ്രദ്ധിച്ചു തുടങ്ങിയതോടെ മജോ ജ്യേഷ്ഠനെ അറിയിച്ച ശേഷം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ക്കൊപ്പം രണ്ടു കന്നാസുകളും ഇന്നലെ കണ്ടെടുത്തു. ഇവ മൃതദേഹങ്ങളില്‍ ചേര്‍ത്തു കെട്ടിയതാവാമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍, കന്നാസുകള്‍ കെട്ടിയിരുന്നില്ല. താന്‍ കന്നാസുകള്‍ ചേര്‍ത്തു കെട്ടിയില്ലെന്നും അവ മറ്റാരെങ്കിലും മാലിന്യങ്ങള്‍ക്കൊപ്പം കിണറ്റിലെറിഞ്ഞതാവാമെന്നും മജോ പൊലീസിനോടു പറഞ്ഞു.
https://www.facebook.com/Malayalivartha
























