കേസ് നടനിലേക്കെത്താതിരിക്കാന്‍ ഉന്നതതല ഗൂഢാലോചന, മറിഞ്ഞതോ കോടികള്‍, അന്വേഷണം ഊര്‍ജ്ജിതമാകുന്നു

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിലേക്കു കേസെത്താതിരിക്കാനായി ഉന്നതതല ഗൂഢാലോചനകള്‍ നടന്നു. രാഷ്ട്രീയനേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, സിനിമാ പ്രവര്‍ത്തകര്‍, വ്യവസായികള്‍, അഭിഭാഷകര്‍ എന്നിവര്‍ സംയുക്തമായാണ് കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടത്തിയത്.
ഇതു സംബന്ധിച്ച വ്യക്തമായ വിവരം ചില അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചതോടെ മുഖ്യമന്ത്രിയെ കാര്യം ധരിപ്പിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സമാന്തര അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കേസ് ഒതുക്കാന്‍ രണ്ടുകോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
തെളിവു നശിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ കേസിന്റെ പ്രാരംഭഘട്ടത്തില്‍ നടന്നതായിട്ടാണ് വിവരം. അറസ്റ്റിലായ ദിലീപിനെ കാത്തിരിക്കുന്നത് അന്വേഷണങ്ങളുടെ പരമ്പരയാണ്. ദിലീപിന്റെ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ദിലീപ് ബിനാമി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ പുതിയ ബിനാമി ആക്ട് പ്രകാരം ആ സ്വത്ത് മുഴുവന്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയുമെന്ന് ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ (ഇന്‍വെസ്റ്റിഗേഷന്‍സ്) ബെന്നി ജോണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആദായനികുതി വകുപ്പ്.

എന്തെങ്കിലും വിവരം ലഭിച്ചാല്‍ പോലീസ് റിപ്പോര്‍ട്ടിന് കാത്തിരിക്കാതെ തന്നെ ആദായനികുതി വകുപ്പ് ഏതുസമയവും ദിലീപിനെതിരേ അന്വേഷണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെതിരേ സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസെടുത്തിരുന്നു.
സിനിമയുടെ പ്രതിഫലം സാറ്റലൈറ്റ് റൈറ്റായും വിദേശ വിതരണാവകാശമായും ദിലീപ് സ്വന്തമാക്കിയതിലൂടെ നടത്തിയ നികുതി വെട്ടിപ്പാണ് അന്നു പിടിക്കപ്പെട്ടത്. വലിയ തുക ഫൈനടച്ച് കേസ് അവസാനിപ്പിച്ചതിനാല്‍ ദിലീപിനെതിരേ അന്നു വിപുലമായ അന്വേഷണം നടന്നിരുന്നില്ല. ദിലീപിന് സ്വന്തം ചിത്രങ്ങളുടെ വിദേശ വിതരണാവകാശത്തിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും ലഭിച്ച വരുമാനവുമായി ബന്ധപ്പെട്ട് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും. 
ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ സക്കറിയ പറഞ്ഞു.
https://www.facebook.com/Malayalivartha
























