തലശേരിയില്‍ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും പിടിച്ചെടുത്തത് കൊള്ളയടിച്ച പണമെന്ന് സൂചന
![](https://www.malayalivartha.com/assets/coverphotos/w657/64550_1499935263.jpg)
തലശേരിയില്‍ ക്വട്ടേഷന്‍ സംഘത്തില്‍നിന്നു പിടികൂടിയ 65 ലക്ഷം രൂപ ഹവാല സംഘത്തില്‍നിന്നും കൊള്ളയടിച്ച പണമാണെന്ന് സൂചന ലഭിച്ചതായി പോലീസ്. ഈ തുകയില്‍ കള്ളനോട്ടുകളുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച പിടിയിലായ നാലംഗ സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ തുക ഹവാല സംഘത്തില്‍ നിന്നും തട്ടിയെടുത്ത പണമാണെന്ന് സൂചന ലഭിച്ചത്. കൊളവല്ലൂര്‍ തൂവകുന്നിലെ ആയിഷ നല്കിയ പരാതിയിലാണ് കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള നാലംഗസംഘം ബുധനാഴ്ച അറസ്റ്റിലായത്.
മൂഴിക്കര താണിവയല് നാണപ്പന് സിജീഷ് (35), കുട്ടിമാക്കൂല്‍ അനശ്വരയില്‍ വൈശാഖ് (37), പെരിങ്ങാടിയിലെ ഷബീര്‍ (35), മാഹി സെമിത്തേരി റോഡിലെ അഭിലാഷ് ഹൗസില്‍ ഷംജിത്ത് എന്ന റഫീഖ് (36) എന്നിവരെയാണ് ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ കെ.ഇ. പ്രേമചന്ദ്രന്, ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്ഐ അന്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഷംജിത്തിന്റെ കൈവശമുണ്ടായിരുന്ന 65 ലക്ഷം രൂപയുടെ പഴയനോട്ട് ആയിഷ വഴി മാറിയെടുക്കാന്‍ നടത്തിയ നീക്കങ്ങളാണ് പോലീസിന്റെ ആസൂത്രിതമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടത്. രണ്ട് കോടി രൂപ മാറിയെടുക്കാന്‍ ഉണ്ടെന്നാണ് സംഘം ആയിഷയെ അറിയിച്ചത്. ഇതിന് അഡ്വാന്‍സായി ഒരുലക്ഷം രൂപ ആയിഷയ്ക്ക് നല്‍കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിലുള്ള സംഘം വഴി പണം മാറാനാണ് ആയിഷ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
എഴുപത് ശതമാനം തുക തിരിച്ചുനല്‍കാനാണ് സംഘം തമ്മില്‍ ധാരണയാക്കിയത്. എന്നാല്‍ നാല് ലക്ഷം രൂപ കൊടുത്ത് അതിനു ആനുപാതികമായ പഴയ നോട്ടുകള്‍ വാങ്ങാനെത്തിയ ആയിഷയില്‍നിന്നും നാല് ലക്ഷം രൂപ സംഘം കവര്‍ന്നതോടെയാണ് പരാതിയുമായി ആയിഷ പോലീസിനെ സമീപച്ചത്. കേസ് വേണ്ടെന്നും തനിക്ക് പണം തിരിച്ചുകിട്ടിയാല്‍ മതിയെന്നുമായിരുന്നു ആയിഷയുടെ നിലപാട്.
എന്നാല്‍ ന്യൂമാഹി എസ്ഐ അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കുകയായിരുന്നു. അനധികൃത ഇടപാടായതിനാല്‍ ആയിഷ പരാതി നല്‍കില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതികള്‍.
പ്രതികളില്‍ വൈശാഖിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലാണ് 65 ലക്ഷം രൂപയുടെ പഴയനോട്ടുകള്‍ കണ്ടെത്തിയത്. കുട്ടിമാക്കൂലില്‍ വച്ച് ഹവാല സംഘത്തില്‍നിന്ന് കൊള്ളയടിച്ച തുകയാണിതെന്നാണ് പോലീസിന്റെ നിഗമനം. ബാങ്ക് മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പഴയനോട്ടുകള്‍ മാറിക്കൊടുക്കുന്നതിന്റെ പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സംഭവത്തില്‍ പരാതിക്കാരിയും പോലീസ് നിരീക്ഷണത്തിലാണുള്ളത്. തുക എണ്ണിതിട്ടപ്പെടുത്തുകയും കള്ളനോട്ടുണ്ടോയെന്നു പരിശോധിച്ചുവരികയുമാണ് പോലീസ്.
https://www.facebook.com/Malayalivartha