കൊച്ചി മെട്രോ ഇന്ന് നഗരഹൃദയത്തിലേക്ക്

കൊച്ചി മെട്രോ ഇന്ന് നഗരഹൃദയത്തിലേക്കു പ്രവേശിക്കുന്നു. പാലാരിവട്ടം മുതല്‍ എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയല്‍ റണ്‍ ഇന്നു രാവിലെ നടക്കും. ട്രയല്‍ റണ്‍ വിജയിച്ചാല്‍ ഈ പാതയിലെ മെട്രോ സര്‍വീസ് അടുത്ത മാസം തുടങ്ങും. അവസാന നിമിഷമുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയല്‍ റണ്‍ ഇന്നുതന്നെ തുടങ്ങാന്‍ മെട്രോ ഏജന്‍സികള്‍ തീരുമാനിച്ചത്.
രാവിലെ പത്തരയ്ക്ക് കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നാവും ട്രയല്‍ റണ്‍ തുടങ്ങുക. ട്രയലിനു മുന്നോടിയായി യാത്രാ പാതയിലെ ട്രാക്കില്‍ വൈദ്യുതീകരണ സംവിധാനങ്ങളും സിഗ്‌നല്‍ സംവിധാനങ്ങളും ഇന്നലെ രാത്രിയോടെ പ്രവര്‍ത്തനക്ഷമമാക്കി. സര്‍വീസിനുള്ള ട്രെയിനും സജ്ജീകരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്‌റ്റേഷനുകളാണ് പാതയില്‍ ഉള്ളത്.
ട്രയല്‍ റണ്‍ ഒരു മാസം തുടരും. വിജയകരമെങ്കില്‍ അടുത്ത മാസം അവസാന വാരത്തോടെ സര്‍വീസ് തുടങ്ങും. മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്.
https://www.facebook.com/Malayalivartha


























