ഹാദിയ കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കാനാവില്ലെന്ന് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍

കോട്ടയം സ്വദേശിനി അഖിലയെന്ന ഹാദിയ ഹിന്ദു മതത്തില്‍ നിന്നും ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ട ചുമതല വഹിക്കാനാവില്ലെന്ന് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍. ബംഗളൂരുവില്‍ വിശ്രമ ജീവിതം നയിക്കുന്ന തനിക്ക് ഈ ചുമതല വഹിക്കാനാവില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് താനും കോടതിയും തമ്മിലുള്ള കാര്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
കഴിഞ്ഞ മാസം പതിനാറിനാണ് കേസിന്റെ അന്വേഷണം സുപ്രീം കോടതി എന്‍.ഐ.എയ്ക്ക് കൈമാറിയത്.സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും കേസിന്റെ അന്വേഷണം നടക്കുകയെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ സിറ്റിംഗിന് ഒരു ലക്ഷവും നഗരത്തിന് പുറത്തുള്ള സിറ്റിംഗിന് രണ്ട് ലക്ഷവും ആണ് അദ്ദേഹത്തിനുള്ള പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹം പിന്‍മാറിയതോടെ അന്വേഷണ മേല്‍നോട്ടത്തിന് പുതിയ ആളെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഉടന്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
മേയ് 24 നാണ് ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹിന്ദുവായിരുന്ന അഖില മതം മാറി ഹാദിയ എന്ന് പേരുസ്വീകരിക്കുകയും ഷെഫിനെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ അനുവാദമില്ലാത്ത വിവാഹം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിവാഹം അസാധുവാക്കുകയായിരുന്നു.
മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. ഷഫിന്‍ ജഹാന് ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്ന് പിതാവിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























