സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി

കായംകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിയെ യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍ കുട്ടിക്കാണ് പകരം ചുമതല. ഇര്‍ഷാദിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
അതേസമയം പ്രതിഭയ്‌ക്കെതിരെയുള്ള പരാമര്‍ശത്തെ അംഗീകരിക്കുന്നില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ലിജു പറഞ്ഞു. വ്യക്തി അധിക്ഷേപം തന്റേയും പാര്‍ട്ടിയുടെയും നയമല്ല. തിരഞ്ഞെടുപ്പ് വ്യക്തിവിമര്‍ശനമല്ല. ആശയങ്ങളുടെ പോരാട്ടമാണെന്നും ലിജു കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് യുഡിഎഫ് മണ്ഡലം കണ്‍വീനറും ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശ്ശേരി നടത്തിയതെന്നും ഇതിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതിഭ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ദിരഗാന്ധി ഉള്‍പ്പടെ ഉള്ളവരെ ഉയര്‍ത്തി കാണിക്കുന്ന പ്രസ്ഥാനത്തിലെ നേതാവില്‍ നിന്നാണ് ഇത്തരം ഒരു പരാമര്‍ശം ഉണ്ടായതെന്നും പരാമര്‍ശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ പറഞ്ഞു. വാക് ചാതുരിയും ശരീരത്തിന്റെ അഴകും വില്‍പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനെതിരെയാണ് പ്രതിഭ പരാതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























