ഗൗരിയുടെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി.ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. ഇവര്‍ കുറ്റം ചെയ്തവരാണ് ഇവര്‍ക്കെതിരായ തെളിവുകള്‍ ഉണ്ടെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അധ്യാപികമാര്‍ പെണ്‍കുട്ടിയോട് പെരുമാറിയത് ക്രൂരമായാണ്. ഉച്ചഭക്ഷണം കഴിക്കാനിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപികമാര്‍ എട്ടാം ക്ലാസിലെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി ശാസിച്ചു. പോകുന്നവഴിക്കും തിരിച്ചുവരുന്ന വഴിക്കും ശാസന തുടര്‍ന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ ലഭ്യമാണ്. അധ്യാപകരുടെ നടപടി പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഈ സംഭവം നടന്ന് പത്തുമിനിറ്റിനുള്ളിലാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നു വ്യക്തമാണെന്നും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ 20 നു സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ ഗൗരി പിറ്റേന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. കുട്ടിയെ മാനസികമായി അധ്യാപകര്‍ പീഡിപ്പിച്ചതാണ് ചാടാന്‍ പ്രേരണയായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രണ്ടു അദ്ധ്യാപകരുടെ പേരില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് മരിച്ച ഗൗരിയുടെ പിതാവും ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha



























