പോലീസ് ചമഞ്ഞ് 55 ലക്ഷംരൂപ കൊള്ളയടിച്ച കേസില്‍ ആദ്യം അറസ്റ്റിലായത് പരാതിക്കാരന്‍

പോലീസ് ചമഞ്ഞ് 55 ലക്ഷംരൂപ കൊള്ളയടിച്ച കേസില്‍ ആദ്യം അറസ്റ്റിലായത് പരാതിക്കാരന്‍. കേസില്‍ പിടിയിലായ എടയാറ്റൂര്‍ ബീമുള്ളി അബ്ദുള്‍ ജലീലും അയല്‍വാസിയായ കരീമും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. കരീം മമ്പാടുള്ള ബഷീറിനെ ഓപ്പറേഷന്‍ ഏല്‍പ്പിച്ചു.
താമരശേരിയില്‍ നിന്നും നാലംഗ ക്വട്ടേഷന്‍ സംഘത്തെ കൂടെ കൂട്ടി. എട്ടുലക്ഷംരൂപയുടെ ക്വട്ടേഷനായിരുന്നു ഇത്. ജലീല്‍ കൂടെ ഉണ്ടായിരുന്ന ഉണ്ണി മുഹമ്മദ് അറിയാതെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ഫേസ്ബുക് മെസഞ്ചറിലൂടെയാണ് ആശയ വിനിമയം നടത്തിയത്. ഒലവക്കോട് ട്രെയിനിറങ്ങിയ ജലീല്‍ കരീമിന് മെസഞ്ചറില്‍ മെസേജ് അയച്ചു. രണ്ടുവാഹനങ്ങളിലായി ബസ് സ്‌റ്റോപ്പിലെത്തിയ ആറംഗ സംഘം പോലീസാണെന്നു പരിചയപ്പെടുത്തി.
കഞ്ചാവു കടത്താണെന്ന് രഹസ്യവിവരം ലഭിച്ചെന്നു പറഞ്ഞ് ദേഹപരിശോധനയ്ക്കായി ജലീലിനെയും ഉണ്ണി മുഹമ്മദിനെയും രണ്ട് കാറുകളിലായി കൊണ്ടുപോയാണ് കൊള്ളയടിച്ചത്. കാറില്‍ കയറാന്‍ മടിച്ച ഉണ്ണിമുഹമ്മദിന് മര്‍ദ്ദനമേറ്റിരുന്നു.
ഇയാളെ പിടിച്ചുവലിച്ചാണ് വാഹനത്തില്‍ കയറ്റിയത്. ഇതുകണ്ടു നിന്നിട്ടും ജലീല്‍ മിണ്ടാതെ നിന്നതും ഇയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കാതിരുന്നതും പോലീസിന് ആദ്യമേ സംശയമുണ്ടാക്കി. പരാതി നല്‍കാനും മറ്റും ആദ്യഘട്ടത്തില്‍ മുന്നിട്ടു നിന്ന ജലീല്‍ ആരോടും പറയാതെ മുങ്ങിയതോടെ സംശയം ഉറപ്പിച്ചു. ഇയാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ചാണ് ജലീലിന്റെ പുതിയ ഫോണ്‍ നമ്പര്‍ അന്വേഷണസംഘം കണ്ടെത്തിയത്.

ഊട്ടി, മൈസൂര്‍, ഗുണ്ടല്‍പേട്ട്, ബാംഗ്ലൂര്‍, മംഗലാപുരം, ഗോവ എന്നിവിടങ്ങളിലായി മാറി മാറി ഒളിവില്‍ താമസിച്ച് വരുന്നതായി കണ്ടെത്തി. നിരീക്ഷണത്തിനൊടുവില്‍ കരീമിനെയും കുടുക്കാന്‍ പോലീസ് ഗോവയില്‍ എത്തിയെങ്കിലും ഇയാള്‍ മുങ്ങി. കേസില്‍ ബഷീറിന്റെ സ്വിഫ്റ്റ് കാറും സ്‌കോര്‍പിയോ കാറുമാണ് ഉപയോഗിച്ചത്. സംഭവശേഷം ബഷീര്‍ കാര്‍ വിറ്റു. ഈ രണ്ടുവാഹനങ്ങളും കസ്റ്റഡിയിലെടുക്കാനുണ്ട്. പ്രതികള്‍ പണമുപയോഗിച്ച് കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുക്കുകയും പണയത്തിലായിരുന്ന സ്വര്‍ണം വീണ്ടെടുത്തതായും പറയുന്നുണ്ട്. ആഡംബര ജീവിതത്തിനും ഈ പണമാണ് ചെലവിട്ടത്.
https://www.facebook.com/Malayalivartha
























