കോടതി തീരുമാനം വരെ രാജിവയ്‌ക്കേണ്ട, അന്വേഷണം നടക്കുകയാണ്, വാര്‍ത്തകളില്‍ വസ്തുതയില്ല, തോമസ് ചാണ്ടിക്ക് രക്ഷാകവചവുമായി എന്‍.സി.പി

രാജിക്കാര്യത്തില്‍ മന്ത്രി തോമസ് ചാണ്ടി സ്വയം തീരുമാനിക്കണമെന്ന് സി.പി.എമ്മും സി.പി.ഐയും ആവശ്യപ്പെട്ടതിന് പിന്നാലെ കോടതി വിധി വരുന്നത് വരെ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പിയും അറിയിച്ചു. ഇതോടെ സര്‍ക്കാരിലും ഇടത്മുന്നണിയിലും വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകായണ്. കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ട ത്വരിതാന്വേഷണം, ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട്, ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷവിമര്‍ശനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രിയുടെ രാജി അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ മന്ത്രി തന്നെ തീരുമാനം എടുക്കണമെന്നും സി.പി.എം നേതൃത്വം മന്ത്രിയെ അറിയിച്ചു. തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സി.പി.ഐ എഖ്‌സിക്യൂട്ടീവും പുരോഗമിക്കുകയാണ്.
എന്നാല്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് തോമസ് ചാണ്ടി. കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ എ.ജിയുടെ നിയമോപദേശം ലഭിക്കട്ടെ, ത്വരിതാന്വേഷണം പൂര്‍ത്തിയാകട്ടെ എന്നാണ് ഗതാഗതമന്ത്രിയുടെ അടുത്തവൃത്തങ്ങള്‍ പറയുന്നത്. സി.പി.എം തീരുമാനം മന്ത്രിയെ അറിയിച്ചതിന് പിന്നാലെ എന്‍.സി.പി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് പീതാംബരന്‍മാസ്റ്റര്‍ മന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തി. പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതകളില്ലാത്തതാണെന്നും മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നിന്ന് മന്ത്രിക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. അത് വിധിയുടെ ഭാഗമല്ല. കോടതിയില്‍ നിന്ന് അന്തിമവിധി വരുമ്പോള്‍ രാജിവയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതമന്ത്രി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും പിതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. പത്രത്തില്‍ വന്ന കാര്യങ്ങളേ അറിയൂ. എന്‍.സി.പിയിലോ മുന്നണിയിലോ രാജിക്കാര്യം ആരും ആവശ്യപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രിക്കെതിരെ കോടതിയില്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടിയിട്ടുണ്ട്. അതെല്ലാം പൂര്‍ത്തിയാകാതെ രാജിവയ്ക്കില്ല. പാര്‍ട്ടി മന്ത്രിയോടെ മന്ത്രി പാര്‍ട്ടിയോടെ ഇക്കാര്യത്തെ കുറിച്ച് ആശയവിനിമയം നടത്തിയിട്ടുമില്ല. അതിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ രാജി സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുമെന്ന് എന്‍.സി.പി എം.എല്‍.എ എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























