ഒരിടവേളയ്ക്കു ശേഷം ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍; തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി സിപിഎം സംഘര്‍ഷം; തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു; കണ്ണൂര്‍ അഴീക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തലസ്ഥാനത്തു ഒരിടവേളയ്ക്കു ശേഷം വീണ്ടും ബിജെപി സിപിഎം സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. കരിക്കകത്തുണ്ടായ സംഘര്‍ഷത്തില്‍ പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാകമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. സംഭവത്തില്‍ ഏഴുപേരെ തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ, കണ്ണൂരിലും സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടി. കണ്ണൂര്‍ അഴീക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വെള്ളക്കല്‍ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ബോംബേറുണ്ടായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനു പരുക്കേറ്റു. തിരുവല്ലയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ വെണ്‍പാല സ്വദേശി ജോര്‍ജ് ജോസഫിനു വെട്ടേറ്റു.
കഴിഞ്ഞദിവസം തിരുവനന്തപുരം നഗരസഭയിലുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണു ഞായറാഴ്ച വൈകിട്ട് നഗരത്തില്‍ നടന്നത്. മേയര്‍ വി.കെ.പ്രശാന്തിനെ ബിജെപി കൗണ്‍സിലര്‍മാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ഈ സംഘര്‍ഷത്തിലാണു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്.
ഇതിനുശേഷം ബിജെപി പ്രകടനം നടത്തിയതിനു പിന്നാലെയാണ് മേട്ടുക്കടയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായത്. ഓഫിസിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഘര്‍ഷ സ്ഥലങ്ങളില്‍ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ബിജെപി അക്രമങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി പ്രകടനങ്ങള്‍ നടത്തുമെന്നു സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.
തലസ്ഥാനത്തെ ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസിനെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. തലസ്ഥാനത്തെ അക്രമം നേരിടുന്നതില്‍ പൊലീസിനു വീഴ്ച പറ്റി. പൊലീസിന്റെ സാന്നിധ്യത്തിലാണു ബിജെപി അക്രമം അഴിച്ചുവിട്ടത്. നേതൃത്വത്തിന്റെ അറിവോടെ രാഷ്ട്രീയ മുതലെടുപ്പിനാണു ബിജെപി ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
മേയര്‍ക്കെതിരെയുണ്ടായത് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ആസൂത്രിത ആക്രമണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സിലിലുണ്ടായ സംഘര്‍ഷത്തിലാണു മേയര്‍ക്കു പരുക്കേറ്റത്.
https://www.facebook.com/Malayalivartha
























