ആഡംബരകാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവിറ്റിരുന്ന മൂന്നംഗ സംഘം പിടിയില്‍

ആഢംബരകാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ച് വിറ്റ് തട്ടിപ്പ് നടത്തുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. തൊളിക്കോട് ഹിസാന മന്‍സിലില്‍ റഫിയുദ്ദീന്‍ (33), തിരുവനന്തപുരം കടകംപള്ളി പൂന്തി റോഡില്‍ കുഞ്ചുവീട് നഗര്‍ ജാസിയ മന്‍സിലില്‍ പ്രേംനിഷാദ്(39), തൊളിക്കോട് തേവന്‍പാറ സുലേഖ മന്‍സിലില്‍ അണ്‍സര്‍ (34) എന്നിവരാണ്അറസ്റ്റിലായത്.
തൊളിക്കോട് മാങ്കോട്ടുകോണം സാദിഖ് മന്‍സിലില്‍ സലീമിന്റെ സ്‌കോര്‍പ്പിയോ കാര്‍, തൊളിക്കോട് പാമ്പാടി ഷിബിനാ മന്‍സിലില്‍ അല്‍അമീന്റെ കാര്‍, തൊളിക്കോട് തുരുത്തി കെ.കെ.എന്‍ ഹൗസില്‍ മുഹമ്മദ് അസീബിന്റെ ഇന്നോവ എന്നിവ മാസങ്ങള്‍ക്ക് മുമ്പ് തീര്‍ത്ഥാടനത്തിനും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കും പോകുന്നതിനായി വാടകയ്ക്ക് എടുത്ത വാഹനം പ്രതികള്‍ കടത്തിക്കൊണ്ടുപോയി.
ദീര്‍ഘകാലമായിട്ടും കാര്‍ മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് വിതുര പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് നെടുമങ്ങാട് ഡിവൈ.എസ്.പി അനില്‍കുമാര്‍, പാലോട് സി.ഐ മനോജ്കുമാര്‍, നെടുമങ്ങാട് എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രധാന തട്ടിപ്പുകളെന്നും തമിഴ്‌നാട്ടില്‍ നിന്ന് സ്‌കോര്‍പ്പിയയും കൊടുങ്ങല്ലൂരില്‍ നിന്ന് ഇന്നോവയും തിരുവനന്തപുരത്ത് നിന്ന് ഐ 20 കാറും കണ്ടെടുത്തതായും ഡിവൈ.എസ്.പി പറഞ്ഞു. ദുബായ്, ബഹറിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കുഴല്‍പ്പണം കേരളത്തിലേക്ക് കടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണ് പ്രേംനിഷാദ് എന്നും സി.ഐ അറിയിച്ചു.
അടുത്തകാലത്ത് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ നെടുമങ്ങാട്, മെഡിക്കല്‍കോളജ്, പാലോട്, വലിയമല,മ്യൂസിയം, ചാവക്കാട് സ്റ്റേഷനുകളിലെ നിരവധി തട്ടിപ്പ് കേസുകളിലെ പ്രധാന പ്രതിയാണെന്നും ഒളിവില്‍ കഴിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന തുക സംഘം മംഗലാപുരം, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലെ വന്‍കിട ചൂതാട്ട കേന്ദ്രങ്ങളിലാണ് ചെലവഴിക്കുന്നതെന്ന് എസ്.ഐ അറിയിച്ചു. സംഘത്തിന്റെ സഹായികള്‍ക്കായുള്ള തെരച്ചില്‍ നടന്നുവരുന്നതായും പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























